You are Here : Home / News Plus

ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

Text Size  

Story Dated: Thursday, May 21, 2015 05:23 hrs UTC

കോട്ടയം: സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നിലവിലുള്ള മുഴുവന്‍ സ്വകാര്യ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചത്. സമരത്തിന് മുന്നോടിയായി ജൂണ്‍ നാലിന് സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ബസുടമകള്‍ അറിയിച്ചു.
കാലാവധി തീരുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷനില്‍ മാറ്റം വരുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് യോഗം ചേര്‍ന്ന് പണിമുടക്ക് നടത്താന്‍ ബസുടമകള്‍ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുന്നത് വഴി നൂറുകണക്കിന് ബസുടമകളും ജീവനക്കാരും ദുരിതത്തിലാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇത് സംസ്ഥാനത്ത് യാത്രാക്ളേശം രൂക്ഷമാക്കുമെന്നും ഇവര്‍ ആരോപിച്ചു.
പൊതുമേഖലയെയും സ്വകാര്യ മേഖലയെയും ഒരുപോലെ സംരക്ഷിക്കേണ്ട നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ 14,000ത്തോളം സ്വകാര്യ ബസുകള്‍ ഏറ്റെടുക്കുമെന്ന തീരുമാനം വ്യാമോഹം മാത്രമാണ്. ഇതിലൂടെ സ്വകാര്യ ബസുകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. നിലവിലുള്ള എല്ലാ സ്വകാര്യ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.