You are Here : Home / News Plus

മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന് ഹൈകോടതി

Text Size  

Story Dated: Friday, May 22, 2015 05:26 hrs UTC

കൊച്ചി: മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന് ഹൈകോടതി. മാവോയിസ്റ്റാണ് എന്നത് കൊണ്ട്‌ മാത്രം ഒരാളെ തടവില്‍ വെക്കാന്‍ സാധിക്കില്ല. നിയമവിരുദ്ധ പ്രവര്‍ത്തനമോ രാജ്യദ്രോഹ പ്രവര്‍ത്തനമോ നടത്തിയാല്‍ മാത്രമേ ഒരാളെ തടവില്‍ വെക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഹൈകോടതി വ്യക്തമാക്കി.
മാവോയിസം ഒരു ആശയമാണ്. മാവോയിസ്റ്റ് ആശയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെങ്കിലും അത് കൊണ്ട് മാത്രം ഒരാളെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല. അക്രമം നടത്തി എന്നതിന് അന്വേഷണ സംഘത്തിന്‍െറ പക്കല്‍ തെളിവുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. സമാന കേസുകളില്‍ നേരത്തെ സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഹൈകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മാവോയിസ്റ്റ് വേട്ടക്ക് നിയോഗിക്കപ്പെട്ട തണ്ടര്‍ബോള്‍ട്ട് സേന പീഡിപ്പിച്ചെന്ന ശ്യാം ബാലകൃഷ്ണന്‍െറ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2014 മെയ് 20നാണ് വയനാട്ടില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് ശ്യാമിനെ പിടികൂടിയത്. മാവോവാദിയെന്ന് സംശയിച്ച് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് തണ്ടര്‍ബോള്‍ട്ട് അവകാശപ്പെട്ടത്. എന്നാല്‍ മാവോവാദിയാണെന്ന് ആരോപിച്ചാണ് തണ്ടര്‍ബോള്‍ട്ട് തന്നെ തടവിലാക്കിയതെന്ന് ശ്യാം പരാതിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.