You are Here : Home / News Plus

മുന്‍ ഭാര്യയെ കൈയേറ്റം ചെയ്ത ടി.സിദ്ദീഖിനെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം

Text Size  

Story Dated: Friday, May 22, 2015 05:34 hrs UTC

കോഴിക്കോട്: മുന്‍ ഭാര്യ നസീമയെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിനെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസ് തയാറാകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. രണ്ട് പിഞ്ചു മക്കളോടൊപ്പം ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഈ അതിക്രമം അരങ്ങേറിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് മേധാവിക്ക് നസീമ പരാതി നല്‍കിയിരിക്കുകയാണ്. കാന്‍സര്‍ ബാധിതയാണെന്ന് മനസിലായതോടെയാണത്രേ കോണ്‍ഗ്രസ് നേതാവായ സിദ്ദീഖ് നസീമയെ ഉപേക്ഷിച്ചത്. നസീമയും പിഞ്ചുമക്കളും ഇന്ന് നിരാലംബരാണ്. മനുഷ്യത്വ രഹിതമായ നിലയില്‍ തന്നെയും പിഞ്ചുമക്കളെയും ഉപേക്ഷിച്ച് വഴിയാധാരമാക്കിയതിനെതിരെ നസീമയുടെ പരാതിയെ തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിനും നിയമവിരുദ്ധമായ വിവാഹമോചനത്തിനും സിദ്ദീഖിനെതിരെ കോടതി കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നസീമയെയും പിഞ്ചുമക്കളെയും കോണ്‍ഗ്രസ് നേതാവ് ഹീനമായ നിലയില്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്നുവരെ ഈ നേതാവ് ആക്രോശിച്ചതായി നസീമ പൊലീസിനോട് പരാതിപ്പെട്ടതായി മനസ്സിലാക്കുന്നു. അത്യന്തം ഗൗരവമേറിയ ഒരു പ്രശ്നമായി സമൂഹമാകെ ഇതിനെ കാണേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വലംകൈയും മനസാക്ഷി സൂക്ഷിപ്പുകാരനുമായി അറിയപ്പെടുന്ന ഈ കോണ്‍ഗ്രസ് നേതാവാണ് പലപ്പോഴും കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് എന്നുവരെ സംസാരമുണ്ട്. മുഖ്യമന്ത്രിയുമായി ഇദ്ദേഹത്തിനുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്ന വഴിവിട്ട ബന്ധവും കോണ്‍ഗ്രസ് നേതാവെന്ന സ്വാധീനവും ഉപയോഗപ്പെടുത്തി പൊലീസിനെ ഭീഷണിപ്പെടുത്തി നിര്‍ത്തി രക്ഷപ്പെടാനാണ് ഇദ്ദേഹത്തിന്‍റെ ശ്രമം. ലക്ഷണമൊത്ത ഒരു സ്ത്രീ പീഡന കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ഈ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിന് പൊലീസ് ഉടനടി തയാറാവണം. പീഡനത്തിനിരയായ സഹോദരിയോടും രണ്ട് പിഞ്ചു കുഞ്ഞുങ്ങളോടും സഹാനുഭൂതിയും സ്നേഹവും പ്രകടിപ്പിക്കാനും സമൂഹത്തിനാകെ അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ഒരു സ്ത്രീയെയും രണ്ട് കുഞ്ഞുങ്ങളേയും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന ആരോപണത്തിന് വിധേയനായ കെ.പി.സി.സി നേതാവിനെ പരസ്യമായി തള്ളിപ്പറഞ്ഞു പുറത്താക്കുന്നതിന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ തയാറാവണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.