You are Here : Home / News Plus

കടുത്ത വിമര്‍ശനങ്ങല്‍ക്കിടയിലും മന്‍മോഹന്‍ സിങ് മോദിയെ സന്ദര്‍ശിച്ചു

Text Size  

Story Dated: Wednesday, May 27, 2015 05:34 hrs UTC

ന്യൂഡല്‍ഹി: ഒന്നാം വാര്‍ഷിക വേളയില്‍ മോദി സര്‍ക്കാറിനെതിരെ പൊതുവേദിയില്‍ കടുത്ത വിമര്‍ശം നടത്തിയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒൗദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. ഉള്ളടക്കം കോണ്‍ഗ്രസോ ബി.ജെ.പിയോ വെളിപ്പെടുത്തിയിട്ടില്ല. മോദി സര്‍ക്കാറിന്‍െറ ഓരോ പ്രവൃത്തികളെയും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അക്കമിട്ട് വിമര്‍ശിക്കുന്നതിനിടയില്‍ നടന്ന കൂടിക്കാഴ്ചയുടെ പിന്നാമ്പുറത്ത് രാഷ്ട്രീയ പ്രാധാന്യം കാണുന്നവര്‍ ഏറെ.
പടിയിറങ്ങിപ്പോയ റേസ്കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസതിയിലേക്ക് ഒരു വര്‍ഷത്തിനുശേഷം ആദ്യമായാണ് മന്‍മോഹന്‍ സിങ് കാലെടുത്തുവെച്ചത്. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയാണിത്. ‘ഡോ. മന്‍മോഹന്‍ സിങ്ങിനെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. 7-റേസ്കോഴ്സ് റോഡിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതിലും സന്തോഷം. നല്ലൊരു കൂടിക്കാഴ്ചയായിരുന്നു’ -നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
2ജി, കല്‍ക്കരി തുടങ്ങി നിരവധി അഴിമതിക്കേസുകള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇതിലേക്ക് മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിന്‍െറ മൊഴിയെടുക്കുകയും പ്രതി ചേര്‍ക്കപ്പെടുകയുമുണ്ടായി. കഴിഞ്ഞദിവസം മന്‍മോഹന്‍ സിങ്ങിനെതിരെ ആരോപണമുയര്‍ത്തിയത് ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയുടെ മുന്‍ ചെയര്‍മാനാണ്. കേസുകളില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള സന്ദര്‍ഭം കൂടിയാണിത്.
എന്നാല്‍, ഇതിന്‍െറ പേരില്‍ മോദിയെ കണ്ട് സൗഹാര്‍ദമുറപ്പിക്കാന്‍ മന്‍മോഹന്‍ സിങ് തയാറാവുമോ എന്ന ആശ്ചര്യമാണ് ഒരുവശത്ത്. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ മുന്‍സര്‍ക്കാറിനും മന്‍മോഹനുമെതിരെ പരസ്യ ആക്രമണം നടത്തുന്നതിനിടെ, അതിനോടുള്ള പ്രതിഷേധം നേരിട്ട് അറിയിക്കുകയാണ് മുന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് പിന്നിലെന്നാണ് മറ്റൊരു വിശദീകരണം. കൂടിക്കാഴ്ച കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.