You are Here : Home / News Plus

സുനന്ദയുടേത് സ്വാഭാവിക മരണമാക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് ഡോക്ടര്‍

Text Size  

Story Dated: Tuesday, June 02, 2015 05:41 hrs UTC

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട ദുരൂഹത കൂടുതല്‍ സങ്കീര്‍ണമാകുന്നു. സുനന്ദയുടേത് സ്വാഭാവിക മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഘത്തിലെ ഡോക്ടര്‍ ആദര്‍ശ്കുമാര്‍ വെളിപ്പെടുത്തി.
ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.കെ.സി. മിശ്ര സമ്മര്‍ദം ചെലുത്തിയെന്നാണ് ഡോ. ആദര്‍ശ്കുമാര്‍ പറയുന്നത്. ഇക്കാര്യം അറിയിച്ച് അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദക്ക് കത്തും നല്‍കി. അതേസമയം, പുതിയ വെളിപ്പെടുത്തല്‍ എയിംസ് അധികൃതര്‍ തള്ളി. ആദര്‍ശ് കുമാറിന്‍െറ ആരോപണങ്ങളില്‍ വസ്തുതയില്ളെന്നും ഒരു തരത്തിലുള്ള സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നും എയിംസ് ഡയറക്ടര്‍ വിശദീകരിച്ചു. സ്വാഭാവിക മരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്ന് എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്തയും നേരത്തേ വെളിപ്പെടുത്തിയിരുന്നു. അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂര്‍ എന്നിവര്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു സുധീര്‍ ഗുപ്ത പറഞ്ഞത്. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഡോ. ആദര്‍ശ് കുമാര്‍, ഡോ. ശശാങ്ക് പുനിയ എന്നിവരടങ്ങിയ സംഘമാണ് സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഫോറന്‍സിക് വിഭാഗം മേധാവിയായ സുധീര്‍ ഗുപ്തയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് ഡയറക്ടര്‍ കോടതിയെ സമീപിച്ചിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നതെന്നും ശ്രദ്ധേയമാണ്. സുനന്ദയുടേത് അസ്വാഭാവിക മരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നീട്, ആന്തരിക അവയവങ്ങളുടെ പരിശോധന ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ സംഭവം കൊലപാതകമാണെന്ന് പൊലീസ് വിലയിരുത്തി. ഇതേതുടര്‍ന്ന് കൊലക്കുറ്റത്തിന് കേസെടുത്തുവെങ്കിലൂം ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരെ സംശയത്തില്‍ നിര്‍ത്തുന്ന പൊലീസ് ഇവരെ പലതവണ ചോദ്യം ചെയ്തു. തരൂരിന്‍െറ സഹായികളും കുടുംബ സുഹൃത്തും ഉള്‍പ്പെടെ മൂന്നുപേരെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ കോടതിയില്‍നിന്ന് അനുമതി നേടുകയും ചെയ്തിട്ടുണ്ട്. തരൂരിനെയും നുണ പരിശോധന നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഭവത്തിന് പിന്നിലെ ദുരൂഹത വര്‍ധിപ്പിച്ച് പുതിയ വെളിപ്പെടുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.