You are Here : Home / News Plus

മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്‍െറ പരിസ്ഥിതി പഠനത്തിന് കേന്ദ്രാനുമതി

Text Size  

Story Dated: Thursday, June 04, 2015 04:55 hrs UTC

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്‍െറ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് കേരളത്തിന്‍െറ അപേക്ഷ വ്യാഴാഴ്ച അംഗീകരിച്ചത്. അപേക്ഷയില്‍ കേരളത്തിന്‍െറ ഭാഗം കേട്ട വിദഗ്ധസമിതി, വിശദമായ പദ്ധതി രേഖയും പരിഗണനാ വിഷയങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. അപേക്ഷ അംഗീകരിക്കരുതെന്ന തമിഴ്നാടിന്‍െറ ആവശ്യം പരിഗണിച്ചില്ല. പരിസ്ഥിതി ആഘാത പഠനത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാമെന്നാണ് സമിതി വിലയിരുത്തല്‍. അതേസമയം, പഠനത്തിനുള്ള അനുമതി കോടതി ഉത്തരവിന് വിധേയമായിരിക്കുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ ഭീഷണിയിലാണെന്ന് കേരളം പറയുന്ന നിലവിലുള്ള അണക്കെട്ടിന്‍െറ 366 മീറ്റര്‍ താഴെ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മേയ് 12നാണ് കേരളം അപേക്ഷിച്ചത്. അപേക്ഷയില്‍ 10ഓളം മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് പുതിയ അണക്കെട്ടിനുള്ള കേരളത്തിന്‍െറ നീക്കത്തിന് പച്ചക്കൊടി കാണിച്ചത്. സ്വന്തം അതിര്‍ത്തിക്കകത്ത് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതില്‍ നിന്ന് കേരളത്തെ തടയേണ്ടതില്ലെന്ന നിലപാടാണ് മിക്ക മന്ത്രാലയങ്ങളും കൈക്കൊണ്ടത്. പഠനത്തിന് ഒരുവര്‍ഷമാണ് അനുവദിച്ചത്.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ കേരളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന്‍െറ പരിസ്ഥിതി ആഘാതപഠനത്തിന് നേരത്തേ ദേശീയ വന്യജീവിബോര്‍ഡും അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിസ്ഥിതി ആഘാതപഠനം നടത്താന്‍ സെക്കന്തരാബാദ് ആസ്ഥാനമായ എജന്‍സിയെ ചുമതല ഏല്‍പിച്ചു.
പുതിയ അണക്കെട്ടിന് കേരളം നടത്തുന്ന പഠനത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹരജി ജൂലൈയില്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് വിദഗ്ധ സമിതി തീരുമാനം. വന്യജീവി ബോര്‍ഡിന്‍െറ അനുമതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പഠനത്തില്‍നിന്ന് കേരളത്തെ വിലക്കണമെന്നായിരുന്നു തമിഴ്നാട് ആവശ്യം. ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.