You are Here : Home / News Plus

കളമശേരി ഭൂമി തട്ടിപ്പ്: ടി.ഒ സൂരജിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു

Text Size  

Story Dated: Friday, June 05, 2015 05:34 hrs UTC

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു. സി.ബി.ഐയുടെ കൊച്ചി യൂനിറ്റിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച സി.ബി.ഐ സൂരജിന് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പമാണ് സൂരജ് ഓഫീസില്‍ എത്തിയത്.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടി. ഒ സൂരജിനെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഭൂമി ഇടപാടില്‍ സൂരജ് അടക്കമുളളവര്‍ സംശയത്തിന്‍െറ നിഴലിലാണെന്ന് ലാന്‍ഡ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കമലവര്‍ധന റാവു ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സൂരജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
താഴത്തേട്ടിലുള്ള ജീവനക്കാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നു സൂരജ് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, കേസില്‍ സൂരജിനുള്ള ബന്ധം സ്ഥിരീകരിക്കുന്ന തരത്തിലുള്ള മൊഴികള്‍ ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചത്.
കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടു കേസുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെടെ 10 പേരെ മേയ് മൂന്നിന് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം കലക്ടറേറ്റിലെയും ലാന്‍ഡ് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെയും സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.