You are Here : Home / News Plus

4,470 എന്‍.ജി.ഒകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

Text Size  

Story Dated: Wednesday, June 10, 2015 05:24 hrs UTC

ന്യൂഡല്‍ഹി: രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന 4,470 സര്‍ക്കാരിതര സംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഉന്നത സര്‍വകലാശാലകള്‍, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, എസ്കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍.ജി.ഒകളുടെ ലൈസന്‍സാണ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.
വാര്‍ഷിക വരവു ചെലവു കണക്കുകള്‍ ഹാജരാക്കാത്തതും മറ്റ് നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരണം തേടിയ ശേഷമാണ് സംഘടനകള്‍ക്കുള്ള ലൈസന്‍സ് റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
പഞ്ചാബ് സര്‍വകലാശാല, ചണ്ഡിഗഡ് നിയമ സര്‍വകലാശാല, ഗുജറാത്ത് നിയമ സര്‍വകലാശാല, ഗാര്‍ഗി കോളേജ്, ഡല്‍ഹി ലേഡി ഇര്‍വിന്‍ കോളേജ്, വിക്രം സാരാഭായ് ഫൗണ്ടേഷന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേല്‍നോട്ടത്തിലുള്ള കബീര്‍ എന്നിവയാണ് എഫ്.ആര്‍.സി.എ ലൈസന്‍സ് റദ്ദാക്കപ്പെട്ട പ്രധാന സ്ഥാപനങ്ങള്‍.
എഫ്.ആര്‍.സി.എ ചട്ടങ്ങള്‍ ലംഘിച്ചതിന് 9,000 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കഴിഞ്ഞ ഏപ്രിലില്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാനായി ലണ്ടനിലേക്ക് പോകാനെത്തിയ സന്നദ്ധ സംഘടന ഗ്രീന്‍പീസ് ഇന്ത്യയുടെ പ്രചാരക പ്രിയ പിള്ളയെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഗ്രീന്‍പീസിന്‍െറ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിന് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു.
സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കെതിരേ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.