You are Here : Home / News Plus

ബാര്‍ കേസില്‍ ധനമന്ത്രി മാണിക്കെതിരെ കുറ്റപത്രമില്ല

Text Size  

Story Dated: Friday, June 12, 2015 05:05 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രമുണ്ടാകില്ല. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്‍റെ റിപ്പോര്‍ട്ട് വിജിലന്‍സ് എ.ഡി.ജി.പി ശൈഖ് ദര്‍വേശ് സാഹിബ് തള്ളി. കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് നിലനില്‍കില്ളെന്ന വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്‍റെ നിയമോപദേശം എ.ഡി.ജി.പി ശരിവെച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനമെടുത്ത ശേഷം കോടതിയില്‍ സമര്‍പ്പിക്കും. വിജിലന്‍സ് ഡയറക്ടറും റിപ്പോര്‍ട്ട് ശരിവെച്ചാല്‍ പരാതിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തേക്കും.
മാണി പണം ആവശ്യപ്പെട്ടതിനോ കൈപ്പറ്റിയതിനോ തെളിവില്ല. മാണിയെക്കൊണ്ട് ബാറുടമകള്‍ക്ക് പ്രത്യുപകാരവും ലഭിച്ചിട്ടില്ല. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി മാണിക്ക് പണം നല്‍കിയെന്നാണ് ബാറുടമ ബിജുരമേശ് ആരോപിച്ചത്. എന്നാല്‍, രാജ്കുമാര്‍ ഇത് നിഷേധിക്കുകയായിരുന്നു. ബിജു പറഞ്ഞ ദിവസം രാജ്കുമാര്‍ മാണിയുടെ വസതിയില്‍ ചെന്നതിന് മൊബൈല്‍ സിഗ്നല്‍ തെളിവാണ്. എന്നാല്‍, സഹായം അഭ്യര്‍ഥിക്കാനാണ് പോയതെന്നാണ് രാജ്കുമാറും മാണിയും ആവര്‍ത്തിക്കുന്നത്. ബിജുവിന്‍െറ ഡ്രൈവര്‍ അമ്പിളി ഇന്‍ററസ്റ്റഡ് വിറ്റ്നസ് ആണ്. അയാളുടെ നുണപരിശോധനാ ഫലത്തിന് നിയമസാധുതയുമില്ല. ബിജു രമേശ് നല്‍കിയ ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ആധികാരികമല്ല. ബാറുടമകളുടെ യോഗത്തിലെ സംഭാഷണങ്ങള്‍ മാത്രമാണ് അതിലുള്ളത്. ഇത് ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതാണ്. പിന്നീടുള്ളത് സാഹചര്യത്തെളിവുകള്‍ മാത്രം. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കിയാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു അഗസ്റ്റിന്‍െറ നിയമോപദേശം. ഇത് പഠിച്ച ശേഷം ദര്‍വേഷ് സാഹിബ് വിന്‍സന്‍ എം.പോളുമായി കൂടിയാലോചന നടത്തിയിരുന്നു. വിന്‍സന്‍ എം. പോളിന്‍െറ അഭിപ്രായം കൂടി കണക്കിലെടുത്താണ് നിയമോപദേശം ശരിവെച്ചതെന്നാണ് അറിയുന്നത്.
എന്നാല്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവും പരാതിക്കാരനുമായ ബിജു രമേശ് പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിയമപോരാട്ടം നടത്തുമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും പറഞ്ഞു. ഇനി കോടതിയില്‍ നിയമപോരാട്ടമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമം നിയമത്തിന്‍െറ വഴിക്ക് പോകുമെന്ന് ധനമന്ത്രി കെ.എം മാണി. കേസിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.