You are Here : Home / News Plus

കരിപ്പൂര്‍;സംഘര്‍ഷത്തിനിടെ ജവാന് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Text Size  

Story Dated: Friday, June 12, 2015 05:54 hrs UTC

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍മാരും ഫയര്‍ഫോഴ്സ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ജവാന്‍ എസ്.എസ് യാദവിന് വെടിയേല്‍ക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഘര്‍ഷത്തിനിടെ സഹപ്രവര്‍ത്തകരെ പിടിച്ചുമാറ്റുന്നതിനിടെയാണ് യാദവിന് വെടിയേല്‍ക്കുന്നത്. സഹപ്രവര്‍ത്തകന്‍െറ തോക്കില്‍ നിന്ന് വെടിയേറ്റ ഉടന്‍ അദ്ദേഹം നിലത്തേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
നേരത്തെ ഫയര്‍ഫോഴ്സ് വിഭാഗവും സി.ഐ.എസ് വിഭാഗവും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായ വാക്കേറ്റത്തിന്‍െറയും സി.സി.ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അജികുമാറിനെ ദേഹ പരിശോധന നടത്തുന്നതും ശേഷം സി.ഐ.എസ്.എഫ് ജവാന്‍മാര്‍ അജികുമാറിനെ കെട്ടിടത്തിനുള്ളില്‍ വെച്ച് മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. എന്നാല്‍ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ അതിലുണ്ടായിരുന്നില്ല.
വിമാനത്താവളത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത 12 പേര്‍ക്കെതിരില്‍ പൊലീസ് കേസ് എടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യ, ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഇവരില്‍ 11 പേര്‍ മലപ്പുറം എ.ആര്‍ ക്യാമ്പിലും ഒരാള്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലുമാണ് ഉള്ളത്.
അഗ്നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥന്‍ അജികുമാര്‍ ജവാന്‍മാരോട് മോശമായി പെരുമാറിയതിന് സി.സി.ടി.വി ദൃശ്യങ്ങളില്‍ ഒരു തെളിവും ഇല്ല. വെടിയുതിര്‍ത്തുവെന്ന് പറയുന്ന ജവാന്‍ സീതാറാം ചൗധരിക്കെതിരെ എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ മുമ്പ് സി.ഐ.എസ്.എഫ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇയാളെ ആയുധവുമായി പുറത്തു നിര്‍ത്തുന്നത് അപകടമാണെന്ന് പരാതിയില്‍ ഉണ്ടായിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി എടുത്തിരുന്നുവെങ്കില്‍ ബുധനാഴ്ച രാത്രി അനിഷ്ട സംഭവങ്ങള്‍ നടക്കുകയില്ലായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.