You are Here : Home / News Plus

കണ്ണൂര്‍ സലിം വാഹനാപകടത്തില്‍ മരിച്ചു

Text Size  

Story Dated: Monday, June 15, 2015 05:16 hrs UTC

മാപ്പിളപ്പാട്ടിനെ മനുഷ്യഗന്ധിയായ തലത്തിലേക്ക് ആവാഹിച്ചുയര്‍ത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സിനിമാ പിന്നണി ഗായകനുമായ കണ്ണൂര്‍ സലിം (55) കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കണ്ണൂര്‍ താഴെ ചൊവ്വ-ചാല ബൈപാസില്‍ ചാല മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വളവിലായിരുന്നു അപകടം. വളപട്ടണത്തെ വീട്ടിലത്തെി മാതാപിതാക്കളെ കണ്ട ശേഷം മുഴപ്പിലങ്ങാട്ടെ സ്വന്തം വീട്ടിലേക്ക് കാര്‍ ഓടിച്ചുപോകവെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹം തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. മൃതദേഹം കണ്ണൂര്‍ എ.കെ.ജി ആശുപത്രി മോര്‍ച്ചറിയില്‍.

ഗാനമേളയില്‍ നിറഞ്ഞു നിന്ന കാലത്താണ് എ.ടി. ഉമ്മര്‍ സിനിമയിലക്കേ് വാതില്‍ തുറന്നു കൊടുത്തത്. എ.ടി. ഉമ്മര്‍ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച ‘അയ്യപ്പനും വാവരും’ എന്ന ചിത്രത്തിലെ ‘ഈശ്വരാ ജഗദീശ്വരാ’ എന്ന ഗാനത്തോടെ സിനിമയിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് പാടിയ ‘നായകന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലം, മണിത്താലി, നായകന്‍, ജഡ്ജ്മെന്‍റ്, മാസ്റ്റര്‍ പ്ളാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ തുടങ്ങിയ 15 ഓളം മലയാള ചിത്രങ്ങളില്‍ സലിം പാടിയിട്ടുണ്ട്. മമ്മൂട്ടി നായകനായ മണിത്താലിയിലും മോഹന്‍ലാല്‍ നായകനായ നായകനിലും ചെറിയ വേഷവും സലീമിനെ തേടിയത്തെി.

കണ്ണൂര്‍ സലിമിന്‍െറ കുടുംബം മുഴുവനും സംഗീതത്തില്‍ തന്നെയാണ് ജീവിതം കണ്ടത്തെിയത്. ഭാര്യ: മുഴപ്പിലങ്ങാട് സ്വദേശിനി ലൈല. മക്കള്‍: സലിജ്, സജ് ല, സലീല്‍, സജ് ലി. മരുമക്കള്‍: ഫായിസ്, ശബാബ്. സഹോദരങ്ങള്‍: അസീസ്, നിസാര്‍, നവാസ്, ഫൈസല്‍, ഷക്കീല്‍, സീനത്ത്, റുഖ്സാന.
ഖബറടക്കം തിങ്കളാഴ്ച ഉച്ച രണ്ടിന് വളപട്ടണം മന്ന പള്ളി ഖബര്‍സ്ഥാനില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.