You are Here : Home / News Plus

സോളര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയത് തിരുത്തിയ ജയില്‍ റജിസ്റ്റര്‍

Text Size  

Story Dated: Tuesday, June 23, 2015 05:30 hrs UTC

തിരുവനന്തപുരം: സോളര്‍ കമ്മീഷന്‍ മുമ്പാകെ അട്ടക്കുളങ്ങര വനിത ജയില്‍ സൂപ്രണ്ട് ഹാജരാക്കിയത് തിരുത്തിയ ജയില്‍ റജിസ്റ്ററാണെന്ന് പുതിയ വെളിപ്പെടുത്തല്‍. പേജുകള്‍ ഇളക്കി മാറ്റിയതും തിരുത്തല്‍ വരുത്തിയതുമായ റജിസ്റ്ററാണ് ജയില്‍ സൂപ്രണ്ട് ഹാജരാക്കിയത്. പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ജയില്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി സോളര്‍ കമ്മീഷനും വ്യക്തമാക്കി. വിഷയത്തില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു.
നിശ്ചിത സമയത്തിന് മുന്‍പും ശേഷവും ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതായി വ്യക്തമായിട്ടുണ്ട്. സരിതയുടെ മൊഴിമാറ്റത്തിന് തലേന്നാള്‍ അമ്മയും ബന്ധുവായ ആദര്‍ശും ജയിലിലെത്തിയിരുന്നു. എന്നാല്‍, ഇവര്‍ വന്ന സമയം റജിസ്റ്ററില്‍ തിരുത്തിയിട്ടുണ്ട്. സരിതയുടെ അഭിഭാഷകരായ അഡ്വ. ഫെനി ബാലകൃഷ്ണനും അഡ്വ. ബാഹുലേയനും ജയില്‍ സന്ദര്‍ശിച്ചതിന്‍െറ വിശദാംശങ്ങളും വൈറ്റ്നര്‍ ഉപയോഗിച്ചു തിരുത്തിയ നിലയിലാണ്. ഇതില്‍ ആദര്‍ശ് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയിരുന്നില്ല. സന്ദര്‍ശനം നടത്തിയ 2013 ജൂലൈ 27ന് ശേഷമുള്ള ദിവസത്തെ പേജുകള്‍ ഇളക്കി മാറ്റിയിട്ടുണ്ട്.
മൊഴിമാറ്റത്തിന് തൊട്ടുമുന്‍പ് ജയില്‍ ഡി.ഐ.ജിയും അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍െറ സന്ദര്‍ശനത്തിനു മുന്നോടിയെന്ന നിലയിലാണ് ജയില്‍ ഡി.ഐ.ജിയെത്തിയത്. എന്നാല്‍, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.