You are Here : Home / News Plus

സ്‌മൃതി ഇറാനി നിയമക്കുരുക്കിലേക്ക്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, June 25, 2015 12:53 hrs UTC

കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി നിയമക്കുരുക്കിലേക്ക്‌.വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതി നിലനില്‍ക്കുമെന്നു ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി. കൂടുതല്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാം. ബി.ജെ.പി. സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണു കോടതി നിര്‍ദേശം. മൂന്നു തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്‌മൃതി ഇറാനി നല്‍കിയ സത്യവാങ്‌മൂലത്തില്‍ മൂന്നു വ്യത്യസ്‌ത യോഗ്യത രേഖപ്പെടുത്തിയെന്നാണു പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്‌തയും മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞയാളുമാണിവര്‍.ഓഗസ്‌റ്റ്‌ 28നു കേസ്‌ വീണ്ടും പരിഗണിക്കും. ഫ്രീലാന്‍സ്‌ എഴുത്തുകാരനായ അഹ്‌മെര്‍ ഖാനാണു പരാതിക്കാരന്‍. മുന്‍പെന്ന പോലെ ഇക്കാര്യത്തിലും മോഡി പ്രതികരിച്ചിട്ടില്ല.സത്യവാങ്‌മൂലത്തില്‍ മൂന്നുതരത്തില്‍ വിദ്യാഭ്യാസ യോഗ്യത സമര്‍പ്പിച്ചതു നിയമത്തിന്റെയും സത്യപ്രതിജ്‌ഞയുടെയും ലംഘനമാണെന്നു പരാതിക്കാരന്‍ വാദിച്ചു. മന്ത്രിയുമായി തനിക്കു വഴക്കില്ല. വിദ്യാഭ്യാസവകുപ്പുമന്ത്രി എന്ന നിലയില്‍ അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്ന്‌ അഹമെര്‍ ഖാന്‍ പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസമാണോ കുറഞ്ഞ വിദ്യാഭ്യാസമാണോ എന്നതൊന്നും പ്രശ്‌നമല്ല. കേസ്‌ മുന്നോട്ടുകൊണ്ടുപോകാന്‍ ഇനിയും കടമ്പകളുണ്ടെന്നും ഖാന്‍ പറഞ്ഞു. ഹര്‍ജിക്കാരന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാലേ കേസ്‌ തുടരൂ എന്നതു സ്‌മൃതിക്കു പിടിവള്ളിയാണ്‌. സ്‌മൃതി കുറ്റാരോപിതയല്ലെന്ന്‌ അവരുടെ അഭിഭാഷകന്‍ അനില്‍ സോണി പ്രതികരിച്ചു. ജിതേന്ദര്‍ സിങ്ങിനെതിരേ സ്വീകരിച്ച നടപടികള്‍ സ്‌മൃതിക്കെതിരേ സ്വീകരിക്കണമെന്ന്‌ ആം ആംദ്‌മി പാര്‍ട്ടി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.