You are Here : Home / News Plus

സ്കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു

Text Size  

Story Dated: Friday, June 26, 2015 05:14 hrs UTC

കോതമംഗലം: കോതമംഗലം^അടിമാലി റൂട്ടില്‍ നെല്ലിമറ്റത്ത് സ്കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു. കോതമംഗലം കറുകടം വിദ്യാവികാസ് സ്കൂള്‍ വിദ്യാര്‍ഥികളായ കൃഷ്ണേന്ദു (5), ജോഹന്‍, അമീന്‍ (13), നിസ, ഗൗരി എന്നിവരാണ് മരിച്ചത്. അപകടസമയത്ത് 12 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. ജോഹന്‍ ഏഴാം ക്ളാസിലും ഗൗരി നാലാം ക്ളാസിലും കൃഷ്ണേന്ദു എല്‍.കെ.ജി വിദ്യാര്‍ഥിനിയുമാണ്.
വൈകിട്ട് നാലരക്ക് സ്കൂളില്‍ നിന്നും കുട്ടികളുമായി മടങ്ങുമ്പോള്‍ നെല്ലിമറ്റത്തിന് സമീപം കോളനിപടിക്കടുത്ത് എംബിറ്റ്സ് എഞ്ചിനീയറിങ് കോളജിന് സമീപത്തുവെച്ചായിരുന്നു അപകടം. മണ്‍തിട്ടയില്‍ നിന്നിരുന്ന വന്‍മരം കനത്ത മഴയിലും കാറ്റിലുംപെട്ടു കടപുഴകി ബസിന്‍െറ മുകളിലേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ബസ് വെട്ടിപൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്.
ബസിന്‍െറ മുന്‍വശത്ത് ഇരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളുടെ തലക്കും മുഖത്തുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോതമംഗലം സെന്‍റ്. ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതര പരിക്കേറ്റ ബസ് ജീവനക്കാരനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലും മൂന്നു പേരുടെ മൃതദേഹങ്ങള്‍ ബസേലിയസ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നത് ആശുപത്രികളില്‍ പുരോഗമിക്കുന്നു.
കോതമംഗലത്ത് അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ല കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. കലക്ടര്‍ സംഭവസ്ഥലത്തേക്ക് ഉടനടി പോകുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. റവന്യു വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും ധനസഹായം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ മുഖ്യമന്ത്രി അഗാധമായ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മറ്റ് നഷ്ടപരിഹാരത്തെകുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ജിയോടും റൂറല്‍ എസ്.പിയോടും സംഭവ സ്ഥലത്തെത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. റോഡരികിലെ പഴക്കം ചെന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് പരിശോധിക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
അപകടകരമായ രീതിയില്‍ നിന്നിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ടി.യു. കുരുവിള എം.എല്‍.എ അറിയിച്ചു. എന്നാല്‍, വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.