You are Here : Home / News Plus

വിഴിഞ്ഞം പദ്ധതിക്ക് തുരങ്കംവെക്കാന്‍ അച്ചാരം വാങ്ങിയതുപോലെയാണ് വി.എസ് പ്രവര്‍ത്തിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Friday, June 26, 2015 05:22 hrs UTC

തിരുവനന്തപുരം: വിഴിഞ്ഞംപദ്ധതി തുരങ്കംവെക്കാന്‍ അച്ചാരം വാങ്ങിയതുപോലെയാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയെക്കുറിച്ച എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുകയും രേഖകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തശേഷവും ഈ നിലപാട് തുടരുന്നത് ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇപ്പോഴത്തെ ടെന്‍ഡര്‍ പ്രകാരം 60 വര്‍ഷത്തേക്ക് ഒരു ശതമാനം വരുമാനം മാത്രമേ സര്‍ക്കാറിന് ലഭിക്കൂവെന്നാണ് വി.എസ് ആവര്‍ത്തിക്കുന്നത്. 60 വര്‍ഷം എന്ന സമയപരിധി പുതിയ കരാറിലേയില്ല. പുതിയ ഇ-ടെന്‍ഡര്‍ വ്യവസ്ഥപ്രകാരം പങ്കാളി മുതല്‍മുടക്കി നടത്തുന്ന തുറമുഖേതര വാണിജ്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് മൊത്തവരുമാനത്തിന്‍െറ10ശതമാനം തുറമുഖനടത്തിപ്പിന്‍െറ ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാറിനുനല്‍കണം. തുറമുഖ നടത്തിപ്പിന്‍െറ 15ാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും മൊത്തവരുമാനത്തിന്‍െറ ഒരുശതമാനം,രണ്ട് ശതമാനം,മൂന്ന് ശതമാനം എന്നീ ക്രമത്തില്‍ 40ശതമാനം വരെ റവന്യൂവിഹിതം സര്‍ക്കാറിന് നല്‍കണം. 40ാം വര്‍ഷം സംസ്ഥാന സര്‍ക്കാറിന് തുറമുഖനടത്തിപ്പില്‍ നിന്ന് 21ശതമാനം വരുമാനവിഹിതം ലഭിക്കും. ഇത് ലാഭവിഹിതമല്ല. തുറമുഖയിതര പ്രവര്‍ത്തനത്തില്‍ നിന്നുള്ള പത്തുശതമാനത്തിനുപുറമെയാണിത്. തുറമുഖനിര്‍മാണത്തിനും നടത്തിപ്പിനുമുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത് നാലുവര്‍ഷത്തെ നിര്‍മാണ കാലാവധി ഉള്‍പ്പെടെ 40 വര്‍ഷത്തേക്കാണ്. അതിനുശേഷം രണ്ടാംഘട്ട വികസനം പൂര്‍ണമായും പങ്കാളി അവരുടെ മുതല്‍മുടക്കില്‍ നടത്തുകയാണെങ്കില്‍ മാത്രം വീണ്ടും 20 വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി നീട്ടിക്കൊടുക്കും. സ്വകാര്യപങ്കാളി പൂര്‍ണമായും അവരുടെ മുതല്‍ മുടക്കില്‍ നടത്തുന്ന രണ്ടാം ഘട്ട വികസനത്തിന്‍െറ 41ാം വര്‍ഷം ഇതില്‍ നിന്ന് 22ശതമാനം വരുമാനവിഹിതം സംസ്ഥാനത്തിന് അധികമായി ലഭിക്കും. ഇത് ഒരു ശതമാനം വീതം വര്‍ഷംതോറും കൂടി 40ശതമാനം വരെ എത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇടതുസര്‍ക്കാറിന്‍െറ കാലത്ത് ഉണ്ടാക്കിയ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നു. ഇടതുസര്‍ക്കാര്‍ അംഗീകരിച്ച് വിപണിയില്‍ പരീക്ഷിച്ച ഐ.എഫ്.സി മോഡലാണോ, അതോ പദ്ധതിയുടെ നടത്തിപ്പിന്‍െറ ഏഴാം വര്‍ഷം മുതല്‍ വരുമാനവിഹിതമുള്ള ഭൂമി ലൈസന്‍സ് വ്യവസ്ഥയില്‍ നല്‍കുന്ന ഇപ്പോഴത്തെ മോഡലാണോ സംസ്ഥാനത്തിന് നല്ലതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. മൂന്നുതവണ പരാജയപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം ആഗോളതലത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് സുതാര്യവും മത്സരാധിഷ്ഠിതവുമായി നടന്ന നടപടിക്രമങ്ങള്‍ക്കൊടുവില്‍ ലഭിച്ചതാണ് ഇപ്പോഴത്തെ അവസരം. ഇതു നടന്നില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി നഷ്ടപ്പെട്ടെന്ന് കരുതാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.