You are Here : Home / News Plus

അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ കനത്ത പോളിങ്; 76.31%

Text Size  

Story Dated: Saturday, June 27, 2015 04:08 hrs UTC

തിരുവനന്തപുരം: വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണം നടന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ കനത്ത പോളിങ്. വൈകിട്ട് അഞ്ചുവരെ 76.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് ആര്യനാടും (78.90%) ഏറ്റവും കുറവ് പോളിങ് തൊളിക്കോടും (74.12%) ആണ്. 2011ല്‍ 70.21 ശതമാനമായിരുന്നു അരുവിക്കരയിലെ പോളിങ്.
അരുവിക്കര മണ്ഡലം ഉള്‍പ്പെടുന്ന ആര്യനാട്-78.90%, പൂവച്ചല്‍-76.28%, വെള്ളനാട്-76.73%, വിതുര-75.88%, ഉഴമലയ്ക്കല്‍-75.54%, കുറ്റിച്ചല്‍-74.29%, തൊളിക്കോട്-74.12%, അരുവിക്കര-77.34% പഞ്ചായത്തുകളിലെ പോളിങ് നില. നിശ്ചിത സമയത്തിന് ശേഷം വിവിധ ബൂത്തുകളിലായി ക്യൂ നില്‍കുന്നവര്‍ കൂടി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പോളിങ് ശതമാനം ഉയര്‍ന്നത്.
രാവിലെ ഏഴു മണി മുതല്‍ എല്ലാ പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ മഴ ചെയ്തെങ്കിലും ഇത് പോളിങ്ങിനെ പ്രതികൂലമായി ബാധിച്ചില്ല. വോട്ടെടുപ്പ് ദിവസം മണ്ഡലത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് 74ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂര്‍ പോളിങ് തടസപ്പെട്ടു. മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ചാണ് തെരഞ്ഞെടുപ്പ് അധികൃതര്‍ വോട്ടെടുപ്പ് പുനരാരംഭിച്ചത്.
153 ബൂത്തുകളിലായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. 11 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥികളായ എം. വിജയകുമാര്‍, കെ.എസ് ശബരീനാഥന്‍, ഒ. രാജഗോപാല്‍ എന്നിവര്‍ വിജയപ്രതീക്ഷ മാധ്യമങ്ങളുമായി പങ്കുവെച്ചു. ഇവരടക്കം 16 പേരാണ് മത്സരരംഗത്തുള്ളത്. ജൂണ്‍ 30നാണ് വോട്ടെണ്ണല്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.