You are Here : Home / News Plus

ജഗതി പങ്കെടുത്ത പരിപാടിയില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

Text Size  

Story Dated: Sunday, June 28, 2015 05:27 hrs UTC

ഈരാറ്റുപേട്ട: പൊതുവേദിയിലെത്തിയ നടന്‍ ജഗതിയെ കാണാന്‍ മകള്‍ ശ്രീലക്ഷി എത്തിയത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് വഴിവെച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഉന്നതവിജയം നേടിയ പത്താം ക്ളാസ്, പ്ളസ്ടു വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി പി.സി ജോര്‍ജ് എം.എല്‍.എ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നാടകീയമായി ശ്രീലക്ഷ്മി അച്ഛനെ കാണാന്‍ വേദിയിലെത്തിയത്.
പരിപാടി നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറി ജഗതിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. അവിചാരിതമായി വേദിയിലെത്തിയ പെണ്‍കുട്ടിയെ പി.സി ജോര്‍ജ് പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രീലക്ഷ്മി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ ജഗതിക്കരികില്‍ മകള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നു.
അഞ്ച് മിനിറ്റിനോളം ജഗതിക്കരികില്‍ ഇരുന്ന ശ്രീലക്ഷ്മി അച്ഛന്‍റെ കൈകള്‍ മുറുകെ പിടിച്ചിരുന്ന് സംസാരിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ മകളെ തിരിച്ചറിഞ്ഞ ജഗതി അവള്‍ക്കും ചുംബനം നല്‍കി. തുടര്‍ന്ന് അച്ഛന്‍റെ ഇരുകവിളിലും ഉമ്മവെച്ച ശേഷം അവള്‍ വേദിവിട്ടിറങ്ങിപ്പോയി. സുഹൃത്തുക്കള്‍ക്കൊപ്പം വന്ന കാറില്‍ തന്നെ കയറി അവര്‍ എറണാകുളത്തേക്ക് മടങ്ങി.
മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് അച്ഛനെ കാണുന്നതെന്ന് ശ്രീലക്ഷ്മി പിന്നീട് പ്രതികരിച്ചു. അച്ഛനെ കാണാതിരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും ശ്രീലക്ഷ്മി പറഞ്ഞു. ഭരണങ്ങാനം പള്ളിയില്‍ പോകാനെത്തിയപ്പോഴാണ് അച്ഛന്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതായി പരസ്യം കണ്ടതെന്നും അതറിഞ്ഞാണ് താന്‍ അവിടെയെത്തിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു. സിനിമാ നടി കൂടിയായ ശ്രീലക്ഷ്മി ജഗതിയുടെ രണ്ടാം ഭാര്യ ശ്രീകലയുടെ മകളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.