You are Here : Home / News Plus

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി

Text Size  

Story Dated: Monday, June 29, 2015 04:07 hrs UTC

ചെന്നൈ: നഗര ഗതാഗത കുരുക്കിനെ മറികടക്കാന്‍ ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി. ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വീസ് ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോയമ്പേടില്‍ നിന്ന് ആലന്തൂര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്.
സര്‍വീസിന്‍റെ ടൈംടേബിളും യാത്രാനിരക്കും പ്രഖ്യാപിച്ചു. മിനിമം ചാര്‍ജ് 10 രൂപയും പരമാവധി ചാര്‍ജ് 40 രൂപയുമാണ്. നാല് കോച്ചുകളുള്ള തീവണ്ടിയില്‍ 1,276 പേര്‍ക്ക് യാത്രചെയ്യാം. കോയമ്പേട്, സി.എം.ബി.ടി, അരുമ്പാക്കം, വടപളനി, അശോക്നഗര്‍, ഈക്കാട്ടുതങ്ങള്‍, ആലന്തൂര്‍ എന്നീ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആദ്യ സര്‍വീസില്‍ യാത്രക്കാരുടെ നല്ല തിരക്കാണ് സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്.
രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. മൊത്തം 32 തീവണ്ടികളാണ് കോയമ്പേട് യാര്‍ഡിലുണ്ടാകുക. ഇതില്‍ ഒന്‍പത് തീവണ്ടികള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ട്. ഓരോ സ്റ്റേഷനുകളിലും മൂപ്പതു സെക്കന്‍്റ് നേരമാണ് യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തുക. സ്റ്റേഷനുകളില്‍ ഓട്ടോ മാറ്റിക് ടിക്കറ്റ് കൗണ്ടര്‍, സി.സി ടിവികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് റൂട്ടുകളിലായി 45 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാക്കുന്ന മെട്രോ റെയില്‍ പദ്ധതി 2010ലാണ് തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയിലാണ് കോയമ്പേട് മുതല്‍ ആലന്തൂര്‍ വരെയുള്ള പാത ഉദ്ഘാടനം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.