You are Here : Home / News Plus

ദേശീയ ഗെയിംസ്:തട്ടിക്കൂട്ട് കണക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി

Text Size  

Story Dated: Monday, February 16, 2015 03:56 hrs UTC

തിരുവനന്തപുരം: ദേശീയ ഗെയിംസിന്‍െറ സമാപനചടങ്ങില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങള്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കൈയടക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഗെയിംസിന്‍െറ ചെലവ് സംബന്ധിച്ച് തട്ടിക്കൂട്ട് കണക്ക് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ സര്‍ക്കാര്‍ജീവനക്കാരെ അനുമോദിക്കാന്‍ എന്‍.ജി.ഒ യൂനിയന്‍ നോര്‍ത് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗെയിംസ് സമാപിച്ചതോടെ തട്ടിക്കൂട്ട് കണക്ക് ഉണ്ടാക്കാനാണ് സംഘാടകരുടെ നീക്കം. ഇതിന്‍െറ ഭാഗമായാണ് കണക്കുകള്‍ ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത്. കണ്‍കറന്‍റ് ഓഡിറ്റ് നടത്താതെ എല്ലാ അഴിമതിക്കും അവസരമൊരുക്കിയത് സര്‍ക്കാറാണ്. സര്‍ക്കാര്‍ സ്പോണ്‍സേഡ് അഴിമതിയും ധൂര്‍ത്തും ആണ് അരങ്ങേറിയത്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം.
ഗെയിംസിന്‍െറ സമാപനചടങ്ങ് അലങ്കോലമാക്കിയത് കായികമന്ത്രിയാണ്. മന്ത്രിമാരുടെ ഇരിപ്പിടങ്ങളില്‍ മുഖ്യമന്ത്രിയും കുടുംബവും ഇരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോട് പറയാന്‍ പേടിയുള്ള കായികമന്ത്രി സ്കൂള്‍ കുട്ടികളെപോലെ പിണങ്ങിമാറി പിന്‍സീറ്റില്‍ ഇരുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച് മേളയുടെ പ്രൗഢി നഷ്ടപ്പെടുത്തിയതിന്‍െറ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. സംഘാടനത്തിലെ പിഴവിന് താനല്ല ഉത്തരവാദിയെന്നാണ് കായികമന്ത്രിയുടെ നിലപാട്. സംഘാടകസമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നാണ് ഇതുസംബന്ധിച്ച പരാതികള്‍ക്ക് കായികമന്ത്രിയുടെ മറുപടി.
1987ല്‍ ഇടത് ഭരണകാലത്ത് കേരളത്തില്‍ ദേശീയ ഗെയിംസ് ഒരു പരാതിക്കും അവസരം നല്‍കാതെ സംഘടിപ്പിക്കാനായി. അന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും എത്തിയിരുന്നു. ഇത്തവണ അവര്‍ എത്താതിരുന്നത് ദേശീയ ഗെയിംസിനെ കേന്ദ്രം എങ്ങനെ നോക്കിക്കാണുന്നുവെന്നതിന് തെളിവാണ്. നിലവിലെ സംവിധാനം അഴിമതിക്ക് കാരണമാകുമെന്നതിനാല്‍ ദേശീയ ഗെയിംസിന് സ്ഥിരം സംവിധാനം ഒരുക്കണം. അതിന് നിയമപരിരക്ഷ നല്‍കാന്‍ പാര്‍ലമെന്‍റില്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.