You are Here : Home / News Plus

ബി.ജെ.പി മുന്നേറ്റം താല്‍ക്കാലികം പ്രതിഭാസമാണെന്ന് കോണ്‍ഗ്രസ്

Text Size  

Story Dated: Thursday, July 09, 2015 04:19 hrs UTC

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം താല്‍ക്കാലിക പ്രതിഭാസമാണെന്ന് കോണ്‍ഗ്രസ്. ഇപ്പോള്‍ തന്നെ യു.ഡി.എഫ് ശക്തമായതിനാല്‍ മുന്നണി വിപുലീകരണം ആവശ്യമില്ലെന്നും കെ.പി.സി.സി നിര്‍വാഹകസമിതി യോഗശേഷം പ്രസിഡന്‍റ് വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അരുവിക്കരയില്‍ ബി.ജെ.പി നേടിയ വോട്ട് രാഷ്ട്രീയമാറ്റത്തിന്‍െറ സൂചനയല്ല. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് തളര്‍ച്ചയാകും ഉണ്ടാവുക. അക്രമരാഷ്ട്രീയം നടത്തുന്ന സി.പി.എമ്മും വര്‍ഗീയകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസിന്‍െറ മുഖ്യശത്രുക്കളാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം പലപ്പോഴും ഒന്നിച്ചുനിന്നിട്ടുള്ളവരാണ് ഇരുവരും. യു.ഡി.എഫിന്‍െറ കുറച്ച് വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിയിലേക്ക് പോയത്. സി.പി.എമ്മിന്‍റെ വോട്ടാണ് കൂടുതലും അവര്‍ നേടിയത്.
ഇന്നത്തെ നിലയില്‍തന്നെ യു.ഡി.എഫ് മുന്നോട്ടുപോകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അതിനാല്‍ വിട്ടുപോയവരെയോ പുതുതായി ആരെയെങ്കിലുമോ ഉള്‍പ്പെടുത്താന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. ആരെയെങ്കിലും ഉള്‍പ്പെടുന്നതിനുപകരം പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലീകരിക്കുകയാണ് ലക്ഷ്യം. നയങ്ങളും പരിപാടികളും തീരുമാനിക്കേണ്ട ചുമതല എന്നും പാര്‍ട്ടിക്കാണ്. അത് ഇനിയും നിര്‍വഹിക്കും. അത്തരം കാര്യങ്ങളില്‍ പാര്‍ട്ടി മുഖപത്രം ഇടപെട്ട് വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന മുന്നറിയിപ്പും സുധീരന്‍ നല്‍കി.
കോണ്‍ഗ്രസിന്‍െറയും മുന്നണിയുടെയും യോജിച്ച പ്രവര്‍ത്തനത്തിനും സ്ഥാനാര്‍ഥിയുടെ സ്വീകാര്യതക്കും ലഭിച്ച വിജയമാണ് അരുവിക്കരയിലേത്. സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തും കേരളത്തെ മദ്യവിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അനുമതിയുമാണിത്. സര്‍ക്കാറിന്‍െറ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും കാര്‍ത്തികേയനോടുള്ള ആദരവും വിജയത്തിന് കാരണമായി. ഭരണതുടര്‍ച്ചയുടെ സൂചനയാണുള്ളത്. 2009 മുതല്‍ നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വിജയിക്കാനായിട്ടില്ല.
തോല്‍വിയെക്കുറിച്ച് സി.പി.എം നടത്തുന്നത് യാഥാര്‍ഥ്യബോധത്തോടെയുള്ള വിലയിരുത്തലല്ല. അക്രമരാഷ്ട്രീയത്തില്‍നിന്ന് മാറാന്‍ തയാറല്ലെന്നതിന്‍െറ സൂചനയാണ് മൊകേരിയില്‍ കോണ്‍ഗ്രസുകാര്‍ക്കുനേരെ നടന്ന ആക്രമണം. ജനശിക്ഷ ഉള്‍ക്കൊണ്ട് അക്രമത്തില്‍നിന്ന് അവര്‍ പിന്മാറണം.
ജൂലൈ 31നകം ഡി.സി.സി തലംവരെയുള്ള പാര്‍ട്ടി പുന$സംഘടന പൂര്‍ത്തിയാക്കും. ഇത് വൈകിപ്പിക്കാന്‍ ജില്ലാതല സമിതിയുടെ ഏതെങ്കിലും അംഗം മന:പൂര്‍വം മാറിനിന്നാല്‍ അവരുടെ അഭാവത്തില്‍ തീരുമാനമെടുക്കാനും നിര്‍ദേശം നല്‍കി. ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ 13വരെ ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഭവനസന്ദര്‍ശനം നടത്തി സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ വിശദീകരിക്കും. സ്വാതന്ത്ര്യദിനത്തിന്‍െറ തലേന്ന് മണ്ഡലം തലത്തില്‍ സ്വാതന്ത്ര്യ സമരസന്ദേശ പദയാത്ര നടത്തും. മുഖ്യമന്ത്രിയുള്‍പ്പെടെ നേതാക്കള്‍ അവരവരുടെ മണ്ഡലങ്ങളില്‍ പങ്കെടുക്കും. ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ ആറുവരെ വാര്‍ഡ് തലത്തില്‍ കുടുംബസംഗമവും മണ്ഡലം തലത്തില്‍ റാലികളും പൊതുസമ്മേളനവും സംഘടിപ്പിക്കും. സേവാദളിന്‍െറ ജില്ലാതല ക്യാമ്പ് ആഗസ്റ്റില്‍ നടത്തും. പാര്‍ട്ടിയിലെ പുന:സംഘടിപ്പിക്കപ്പെട്ട ഭാരവാഹികള്‍ക്കായി സെപ്റ്റംബറില്‍ ദ്വിദിന രാഷ്ട്രീയ പഠനക്യാമ്പ് സംഘടിപ്പിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.