You are Here : Home / News Plus

തിയറ്റര്‍ സമരം പിന്‍വലിച്ചു; ‘ബാഹുബലി’ കളിച്ചതിന് 21 പേര്‍ക്ക് സസ്പെന്‍ഷന്‍

Text Size  

Story Dated: Saturday, July 11, 2015 03:59 hrs UTC

കൊച്ചി: തിയറ്റര്‍ അടച്ച് നടത്തിയ അനിശ്ചിതകാല സമരം ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിന്‍വലിച്ചു. ‘പ്രേമം’ അടക്കം സിനിമാ പൈറസിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഉറപ്പും തിങ്കളാഴ്ച ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ചയും നടക്കുന്നതിനാലുമാണ് സമരം പിന്‍വലിക്കുന്നതെന്ന് ഫെഡറേഷന്‍ ഭാരവാഹികളായ ലിബര്‍ട്ടി ബഷീറും (പി.വി. ബഷീര്‍ അഹമ്മദ്), ഡോ. രാമദാസ് ചേലൂരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച കൊച്ചിയില്‍ നടന്ന ഫെഡറേഷന്‍ ജനറല്‍ ബോഡിയിലായിരുന്നു സമരം പിന്‍വലിക്കാനുള്ള തീരുമാനം. ഇതേതുടര്‍ന്ന് ഫെഡറേഷന്‍ അംഗങ്ങളായ എല്ലാ എ ക്ളാസ് തിയറ്ററിലും ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ‘ബാഹുബലി’ പ്രദര്‍ശിപ്പിക്കും. സംഘടനാതീരുമാനം ലംഘിച്ച് സമരത്തില്‍ പങ്കെടുക്കാതെ ‘ബാഹുബലി’ പ്രദര്‍ശിപ്പിച്ച വൈസ് പ്രസിഡന്‍റ് അജി (ജി. ജോര്‍ജ്) അടക്കം 21 അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ഇതിന്‍െറ മുന്നോടിയായി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അജി സംഘടനയില്‍നിന്ന് രാജിവെച്ചിട്ടുണ്ട്.
‘ബാഹുബലി’യുടേതുള്‍പ്പടെ വ്യാപക റിലീസിങ്ങായിരുന്നില്ല സമരകാരണമെന്നും ‘പ്രേമ’ത്തിന്‍െറ വ്യാജപതിപ്പുകള്‍ പ്രചരിച്ചതില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നെന്നും ഭാരവാഹികള്‍ ആവര്‍ത്തിച്ചു. വ്യാപക റിലീസിങ് നടത്തിയ ‘ബാഹുബലി’യുടെ പതിപ്പും ഇന്‍റര്‍നെറ്റിലത്തെി. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാത്തവിധം ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.
ആന്‍റിപൈറസി സെല്ലിന്‍െറ മേധാവിയായി ഋഷിരാജ് സിങ്ങിനെ വീണ്ടും നിയമിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. വ്യാപക റിലീസിങ് വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മള്‍ട്ടിപ്ളക്സുകളിലെയും തങ്ങളുടെയും വ്യവസ്ഥ ഏകീകരിക്കണമെന്ന് ആവശ്യപ്പെടും. നിലവില്‍ മാളുകള്‍ക്കും മള്‍ട്ടിപ്ളക്സുകള്‍ക്കും റിലീസിങ്ങിന്‍െറ ആദ്യ ആഴ്ചയില്‍ വരുമാനത്തിന്‍െറ 47-50 ശതമാനം വിതരണക്കാര്‍ക്ക് കൊടുത്താല്‍ മതി. എ ക്ളാസ് തിയറ്ററുകള്‍ 60-65 ശതമാനം നല്‍കണം. രണ്ടും മൂന്നും ആഴ്ചകളിലും ഈ അന്തരമുണ്ട്. തങ്ങളില്‍നിന്ന് വന്‍ തുക മുന്‍കൂര്‍ വാങ്ങിയാണ് വിതരണക്കാര്‍ ചിത്രമെടുക്കുന്നത്. എന്നാല്‍, മുന്‍കൂര്‍ പണം മുടക്കാത്ത മറ്റു തിയറ്ററുകളിലും വ്യാപക റിലീസിങ്ങിന്‍െറ പേരില്‍ ചിത്രം പ്രദര്‍ശനത്തിന് നല്‍കുന്നു. ഇത് അസന്തുലിതവും അന്യായവുമായ നടപടിയാണ്. വ്യാപക റിലീസിങ് പ്രശ്നത്തില്‍ തര്‍ക്കം ഇതാണ്. മുന്‍കൂര്‍ പണം വാങ്ങുന്നില്ളെങ്കില്‍ ഏതുതിയറ്ററിലും റിലീസിങ് നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. അതേസമയം, അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനം എടുത്തതില്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് നേതാക്കള്‍ സമ്മതിച്ചു.
31 തിയറ്ററിലാണ് ‘ബാഹുബലി’ കളിച്ചത്. ഇവര്‍ക്കെതിരെ ഫെഡറേഷന്‍ നടപടിയെടുത്തിട്ടില്ലെന്നും അവര്‍ സ്വയം രാജിവെച്ചതാണെന്നുമായിരുന്നു ഭാരവാഹികളുടെ ആദ്യ വിശദീകരണം. പിന്നീട്, സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അതേസമയം, തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍പോലും കൂട്ടാക്കാതെ യോഗത്തില്‍നിന്ന് ഇറക്കിവിട്ടെന്ന് തീരുമാനം ലംഘിച്ച് ‘ബാഹുബലി’ പ്രദര്‍ശിപ്പിച്ച വക്കച്ചന്‍ (എം.എ. ജോര്‍ജ്), അനില്‍ തോമസ് എന്നിവര്‍ പറഞ്ഞു. അച്ചടക്കലംഘനം നടത്തിയവര്‍ പുറത്തിറങ്ങണമെന്ന് നേതൃത്വം തങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. നടപടിയെടുത്ത കാര്യം പിന്നീട് രജിസ്ട്രേഡ് തപാല്‍ വഴി അറിയിക്കുമെന്ന് വ്യക്തമാക്കി.
വ്യാപക റിലീസിങ്ങിന് തടയിടുകയായിരുന്നു നേതൃത്വം സമരം കൊണ്ട് ഉദ്ദേശിച്ചത്. ‘പ്രേമ’ത്തിന്‍െറ കാര്യം വെറുതെ പറയുന്നതാണ്. യോഗം ചര്‍ച്ച ചെയ്തതും വ്യാപക റിലീസിങ്ങിനെക്കുറിച്ചായിരുന്നു. എന്നാല്‍, യോഗത്തില്‍നിന്ന് ആരെയും പുറത്താക്കിയില്ലെന്നും വക്കച്ചനും അനില്‍ തോമസും സ്വയം ഇറങ്ങിപ്പോയതാണെന്നും ഫെഡറേഷന്‍ ന്യായീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.