You are Here : Home / News Plus

ഋഷിരാജ് സിങ് പൊലീസിന്‍െറ അച്ചടക്കം തകര്‍ത്തുവെന്ന് പന്തളം സുധാകരന്‍

Text Size  

Story Dated: Sunday, July 12, 2015 03:46 hrs UTC

കൊല്ലം: എ.ഡി.ജി.പി ഋഷിരാജ് സിങ് കേരള പൊലീസിന്‍െറ അച്ചടക്കം തകര്‍ത്തതായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഋഷിരാജ് സിങിനെതിരെ നിശിത വിമര്‍ശമുയര്‍ത്തിയത്. ആഭ്യന്തര മന്ത്രിയെ അപമാനിച്ച ഉദ്യോഗസ്ഥനെതിരെ കേരളസമൂഹം തന്നെ പ്രതികരിക്കണമെന്നും ആഭ്യന്തരമന്ത്രിയുടെ മാന്യത സര്‍ക്കാരിന്‍െറ ദൗര്‍ബല്യമായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ വനിത പൊലീസ് പാസിങ്ഒൗട്ട് പരേഡിനെത്തിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് മുഖം കൊടുക്കാതെ നിന്ന എ.ഡി.ജി.പി ഋഷിരാജ് സിങിന്‍െറ നടപടിയാണ് വിവാദമായത്.
പന്തളം സുധാകരന്‍െറ ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണരൂപം
യുവാവായിരിക്കെ തന്നെ എം.എല്‍.എയും മന്ത്രിയും ആയ എന്നെ അന്നു സര്‍വാദരണീയനായിരുന്ന ഡി.ജി.പി ശ്രീ എം.കെ ജോസഫ് സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് ഉള്ളിന്‍െറ ഉള്ളില്‍ ജാള്യത തോന്നിയിട്ടുണ്ട്. എന്നാല്‍ അത് പന്തളം സുധാകരനു ലഭിക്കുന്ന ആദരവല്ല എന്നു ഞാന്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. അതു ഈ നാട്ടിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിക്ക് ഒരു ഉദ്യോഗസ്ഥന്‍ നല്‍കുന്ന ബഹുമാനത്തിന്‍െറ ചിഹ്നമാണ്. ഈ സമീപനം പൊലിസ് സേനാ സംവിധാനത്തിനുവേണ്ട പരമമായ അച്ചടക്കത്തിന്‍െറ കൂടി ഭാഗമാണ്. എ.ഡി.ജി.പിയായ ഋഷിരാജ് സിങ് ഐ.പി.എസ് തൃശൂരില്‍ തകര്‍ത്തത് വര്‍ഷങ്ങളായി കേരളപോലിസ് കാത്തുസൂക്ഷിച്ചുവരുന്ന ആ അച്ചടക്കമാണ്. കര്‍ശനനടപടിയാണ് ഇതിനെ തിരേ സ്വീകരിക്കേണ്ടത്. കോണ്‍ഗ്രസിലെ പ്രമുഖനായ നേതാവായ ശ്രീ രമേശ് ചെന്നിത്തലയെ യല്ല അദ്ദേഹം അപമാനിച്ചത്. സംസ്ഥാനത്തിന്‍െറ ആഭ്യന്തരമന്ത്രിയെയാണ്. ആഭ്യന്തരമന്ത്രിയുടെ കീഴിലാണ് കേരളത്തിലെ മുഴുവന്‍ പൊലിസ് സേനയും. ഒരു ഉദ്യോഗസ്ഥനും മന്ത്രിയുടെ മുകളില്‍ അല്ല. ആഭ്യന്തരമന്ത്രിയോ മറ്റു മന്ത്രിമാരോ കടന്നുവരുമ്പോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്ത് ബഹുമാനിക്കുക എന്നാല്‍ ജനാധിപത്യ സംസ്കാരത്തിന് ആ ഉദ്യോഗസ്ഥന്‍ നല്‍കുന്ന ബഹുമാനമാണ്. അതിനാല്‍ തികച്ചും ജനാധിപത്യവിരുദ്ധതയും അച്ചടക്കലംഘനവുമാണ് ഋഷിരാജ് സിങ്ങില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വേദിയിലുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ആഭ്യന്തരമന്ത്രിയെ സല്യൂട്ട് ചെയ്തു സ്വീകരിക്കുമ്പോഴും അലക്ഷ്യഭാവത്തിലിരുന്ന സിങ്ങിന്‍െറ പെരുമാറ്റം തികച്ചും ബോധപൂര്‍വമാണ് എന്നു വ്യക്തമാണ്. ജനപ്രതിനിധികളെ ജനങ്ങള്‍ 'ഇലക്ട്' ചെയ്യുന്നു. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ 'സെലക്ട്' ചെയ്യുന്നു. ജനപ്രതിനിധികളെ ആദരിക്കുന്നതിലൂടെ ജനങ്ങളെയാണ് ഉദ്യോഗസ്ഥര്‍ ആദരിക്കുന്നത്. ഇത് ഋഷിരാജ് സിങ്ങിനു ബാധകമല്ളേ? സ്വയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന താരപരിവേഷമാണോ ഈ അന്ധതക്കു കാരണം? ഇതെല്ലാം ചെയ്തിട്ട് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം രാജ്യത്തോടു തന്നെയുള്ള അവഹേളനമാണ്. പ്രൊട്ടക്കോളില്‍ അങ്ങനെ ഇല്ലത്രെ. ദേശീയഗാനം പാടുമ്പോള്‍ മാത്രം എഴുന്നേറ്റുനിന്നാല്‍ മതിയെന്നാണത്രെ പ്രോട്ടക്കോള്‍ പറയുന്നത്! അതായത് പ്രൊട്ടക്കോള്‍ ഇല്ലായിരുന്നു എങ്കില്‍ ദേശീയഗാാനം ഉയരുമ്പോഴും അദ്ദേഹം അവിടെ ചടഞ്ഞുകൂടി ഇരിക്കുമായിരുന്നു! ഓരോ ഇന്ത്യാക്കാരന്‍െറയും രാജ്യസ്നേഹത്തിന്‍െറ അലയടിയാണ് ദേശീയ ഗാനം മുഴങ്ങുമ്പോള്‍ ഉണ്ടാകുക. രാജ്യത്തോടുള്ള കൂറിന്‍െറയും അഭിമാനബോധത്തിന്‍െറയും പേരിലാണ് നാം അപ്പോള്‍ എഴുന്നേറ്റുനില്‍ക്കുന്നത്. അല്ലാതെ പ്രോട്ടക്കോളിന്‍െറ പിന്‍ബലത്തില്‍ അല്ല. ദേശീയഗാനത്തേയും സംസ്ഥാനത്തിന്‍െറ ആഭ്യന്തരമന്ത്രിയേയും അപമാനിച്ച ഈ ഉദ്യോഗസ്ഥനെതിരേ കേരളസമൂഹം തന്നെ പ്രതികരിക്കണം. ആഭ്യന്തരമന്ത്രിയുടെ മാന്യത സര്‍ക്കാരിന്‍െറ ദൗര്‍ബല്യമായി മാറരുത്.
 

    Comments

    ibrahim ak July 12, 2015 06:34

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.