You are Here : Home / News Plus

എം.എസ്. വിശ്വനാഥന്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, July 14, 2015 04:58 hrs UTC

പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്.വിശ്വനാഥന്‍ (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലരക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ചെന്നൈയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും. തമിഴ്, മലയാളം, തെലുങ്ക് എന്നീഭാഷകളിലായി 1200ലേറെ ചലചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ഇദ്ദേഹം സിനിമാസംഗീതലോകത്ത് എം.എസ്.വി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. സംഗീത സംവിധാനത്തിന് പുറമെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ലളിതസംഗീതത്തിന്‍്റെ ചക്രവര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു തമിഴില്‍ എം.എസ്.വി അറിയപ്പെട്ടിരുന്നത്.

പാലക്കാട് എലപ്പുള്ളി മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍^നാരായണിക്കുട്ടി ദമ്പതികളുടെ മകനായി 1928 ജൂണ്‍ 24നാണ് ജനിച്ചത്.
1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാ സംഗീതലോകത്തെ ട്രെന്‍ഡ് സസെറ്ററായിരുന്നു. ക്ളാസിക്കല്‍ ഗാനങ്ങളിലും നാടോടി ഗാനങ്ങളിലും പുതുതമലമുറയുടെ ഈണങ്ങളിലും എല്ലാം ഒരുപോലെ കഴിവു തെളിയിക്കാന്‍ ഇദ്ദേഹത്തിനായി. മലയാളിയായ പി.ജയചന്ദ്രനെ തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയത് എം.എസ്.വിയാണ്. ഇളയരാജ, ഗംഗൈ അമരന്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ ഈണങ്ങളില്‍ പാടിയിട്ടുമുണ്ട്. കാതല്‍ മന്നന്‍, കാതലാ കാതലാ, റോജാവനം എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.

ജനിച്ചത് കേരളത്തിലാണെങ്കിലും എം.എസ്.വിയുെട പ്രധാന കര്‍മമേഖല തമിഴകമായിരുന്നു. എങ്കിലും എഴുപതുകളിലും എണ്‍പതുകളിലും ഒട്ടേറെ മലയാള ഗാനങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം നല്‍കി. ഹിമവാഹിനീ, ആ നിമിഷത്തിന്‍െറ നിര്‍വൃതിയില്‍, സ്വപ്നമെന്ന താഴ്വരയില്‍, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി നൂറിലേറെ മലയാളം ഗാനങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്. പണി തീരാത്ത വീട് എന്ന സിനിമയിലെ കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച എന്ന ഗാനം പാടിയതും എം.എസ്.വിശ്വനാഥനാണ്.

2012ല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സിനിമാഗാന ചക്രവര്‍ത്തി എന്ന പദവി നല്‍കി ആദരിച്ചു. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ജാനകി 2012ല്‍ അന്തരിച്ചു. നാലു ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണുള്ളത്. സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് ചെന്നൈയില്‍ നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.