You are Here : Home / News Plus

ഫാബി ബഷീര്‍ അന്തരിച്ചു

Text Size  

Story Dated: Thursday, July 16, 2015 04:55 hrs UTC

ബേപ്പൂര്‍ വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് കൂട്ടിരുന്ന പ്രിയതമ ഫാബി ബഷീര്‍ (77) അന്തരിച്ചു. ഒരാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഫാബിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. 

വിവാഹശേഷം ബഷീറിനൊപ്പം ജീവിതത്തിലും എഴുത്തിലും നിഴല്‍പോലെ ഫാബിയുണ്ടായിരുന്നു. പെണ്ണുകാണാന്‍ പോയപ്പോഴാണ് ഫാത്തിമ ബീവിക്ക് 'ഫാബി'യെന്ന ആ പേര് ബഷീര്‍ നല്‍കിയത്. 1958 ഡിസംബര്‍ 18ന് ആയിരുന്നു വിവാഹം.ബഷീറിനൊപ്പമുള്ള രസകരമായ അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് ഫാബി ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്. 'ബഷീറിന്റെ എടിയേ..' എന്നുപേരിട്ട പുസ്തകത്തില്‍ വിവാഹംതൊട്ടുള്ള ഓര്‍മകളാണുള്ളത്. 

ബേപ്പൂര്‍ ഗവ. സൗത്ത് എല്‍.പി. സ്‌കൂള്‍ (എലന്തക്കാട് സ്‌കൂള്‍) പ്രധാനാധ്യാപകനായിരുന്ന അരീക്കാടന്‍ കോയക്കുട്ടിയുടെയും ചെറുവണ്ണൂരിലെ തൊണ്ടിയില്‍ ഖദീജയുടെയും മകളാണ് ഫാബി. മക്കള്‍: ഷാഹിന (മാനേജര്‍, ഡി.സി. ബുക്‌സ്), അനീസ് ബഷീര്‍ (സീനിയര്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയര്‍, മാതൃഭൂമി). മരുമക്കള്‍: എന്‍.പി. അബു ഫൈസി (മാനേജര്‍, വെബ് സര്‍വീസസ്, എം.ബി. ടി.വി. ഓണ്‍ലൈന്‍), അഞ്ജു അനീസ് ബഷീര്‍(സൈക്യാട്രിക് കൗണ്‍സലര്‍, ആര്‍.എം. ഹോസ്പിറ്റല്‍, ബേപ്പൂര്‍). സഹോദരങ്ങള്‍: അബ്ദുള്‍ റസാഖ്, പരേതനായ അലി അക്ബര്‍, സഫിയാബി, റംലത്ത്, റുഹാലത്ത്. മയ്യത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് ബേപ്പൂര്‍ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.