You are Here : Home / News Plus

സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ

Text Size  

Story Dated: Thursday, July 16, 2015 07:41 hrs UTC

കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസയ്ക്ക് വധശിക്ഷ. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ് വര്‍ഷം തടവും നാലാംപ്രതിയും ഹംസയുടെ ബന്ധുവുമായ കുമ്പള ആരിക്കാടി കുന്നില്‍ എം.അബ്ദുല്ലക്ക് മൂന്നു വര്‍ഷവും തടവും കോടതി വിധിച്ചു.

ഒന്നാംപ്രതി ഹംസക്ക് പിഴ അടക്കാനായില്ലെങ്കില്‍ മൂന്നു വര്‍ഷം അധികതടവും 5,000രൂപ പിഴയും അടക്കണം. സഫിയയെ വീട്ടുജോലിക്ക് കാസര്‍കോട്ടേക്ക് കൊണ്ടുവന്ന രണ്ടാംപ്രതി ഏജന്‍റ് മൊയ്തു ഹാജി, കേസ് തുടക്കത്തില്‍ അന്വേഷിച്ച എ.എസ്.ഐയും കേസില്‍ അഞ്ചാംപ്രതിയുമായ ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

ശിക്ഷ ഹൈകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി. കൃത്യം ആസൂത്രിതവും പൈശാചികവുമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ കൊലയുടെ കാരണമെന്തെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘത്തിനായില്ല.

കര്‍ണാടക കുടക് അയ്യങ്കേരിയിലെ മൊയ്തുവിന്‍െറയും ആയിഷയുടെയും മകളായ 12കാരി സഫിയയെ ഗോവയിലെ ഫ്ളാറ്റില്‍ വെട്ടിനുറുക്കി ബാഗിലാക്കി കുഴിച്ചുമൂടിയെന്നാണ് കേസ്. 2005 ജൂണ്‍ 15ന് കുടകില്‍നിന്ന് ഗോവയിലെ കരാറുകാരന്‍ കെ.സി. ഹംസയുടെ മാസ്തികുണ്ടിലെ വീട്ടില്‍ ജോലിക്കത്തെിയതായിരുന്നു സഫിയ. തട്ടിക്കൊണ്ടുപോകല്‍ (വകുപ്പ് 361), കൊലപാതകം (വകുപ്പ് 302), കുറ്റം മറച്ചുവെക്കാന്‍ ശ്രമിക്കല്‍ (വകുപ്പ് 201) എന്നിവയാണ് ഹംസക്കെതിരായ കുറ്റം. കുറ്റം മറച്ചുവെക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് മൈമൂനക്കെതിരെ തെളിഞ്ഞത്. കുറ്റം മറച്ചുവെക്കാന്‍ കൂട്ടുനിന്നതാണ് നാലാംപ്രതി അബ്ദുല്ലക്കെതിരായ കുറ്റം. പ്രതികളുടെ പേരില്‍ ബാലപീഡന നിയമം വകുപ്പ് 23 തെളിയിക്കപ്പെട്ടിട്ടില്ല. പ്രതികളാരും കുറ്റം സമ്മതിച്ചിട്ടില്ലായിരുന്നു.

ഡിവൈ.എസ്.പി കെ.വി. സന്തോഷ്, എ.എസ്.ഐ വിജയഗോപാല്‍, ധനരാജ്, ജനാര്‍ദനന്‍, മുസ്തഫ എന്നിവരാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.