You are Here : Home / News Plus

കോന്നി പെണ്‍കുട്ടികളുടെ മരണം: അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് ഉമ ബഹ്റ

Text Size  

Story Dated: Sunday, July 19, 2015 03:53 hrs UTC

പത്തനംതിട്ട: കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച പൊലീസിലെ ആദ്യസംഘത്തിന് വീഴ്ച പറ്റിയെന്ന് നിലവിലെ അന്വേഷണ മേധാവി എസ്.പി. ഉമ ബഹ്റ. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. കാണാതായ പെണ്‍കുട്ടികള്‍ മാവേലിക്കരയിലുണ്ടായിട്ടും പൊലീസ് റയില്‍വേ അധികൃതരെ അറിയിക്കാന്‍ വൈകി. ഇതിന്‍റെ പേരില്‍ ആദ്യ അന്വേഷണസംഘത്തെ എസ്.പി. ഉമ ബഹ്റ ശകാരിച്ചു. വീഴ്ചവരുത്തിയതിന് കോന്നി സി.ഐക്കെതിരെ നടപടിയുണ്ടായേക്കും.
കോന്നി പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ മേധാവി ഉമ ബെഹ്റ കോന്നിയിലത്തെി വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം വീഴ്ച വരുത്തിയതായി കണ്ടത്തെിയത്. പെണ്‍കുട്ടികളുടെ വീടുകളിലത്തെിയ എസ്.പിയോട് കോന്നി പൊലീസിന്‍റെ ഉദാസീനതയെപറ്റി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. പെണ്‍കുട്ടികള്‍ മാവേലിക്കരയിലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടും ആ രീതിയില്‍ അന്വേഷണം നടത്താത്തത് എന്തുകൊണ്ടെന്ന് ഉദ്യോഗസ്ഥരോട് എസ്.പി. ചോദിച്ചു.
പെണ്‍കുട്ടികളെ കാണാതായ ദിവസം ഉച്ചക്ക് 1.38 ന് പെണ്‍കുട്ടികള്‍ മാവേലിക്കരയിലുണ്ടെന്നറിഞ്ഞിട്ടും റയില്‍വേയിലും മാവേലിക്കര സ്റ്റേഷനിലും വിവരമത്തെുന്നത് നാല് മണിക്ക് ശേഷമാണ്. ഇക്കാര്യം റയില്‍വേ അധികൃതരില്‍ നിന്ന് സ്ഥിരീകരിച്ചതിനുശേഷമായിരുന്നു അന്വേഷണസംഘത്തെ എസ്.പി ശകാരിച്ചത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് എസ്.പി പ്രതികരിച്ചു.
പെണ്‍കുട്ടികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന സ്ഥലങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിക്കുവാനാണ് അന്വേഷണ മേധാവിയുടെ തീരുമാനം. അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയും വീണ്ടും രേഖപ്പെടുത്തും. പരിക്കേറ്റ് ചികില്‍സയിലുള്ള ആര്യയുടെ മൊഴി ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് ശേഖരിക്കും.
എന്നാല്‍ ആര്യയുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ന്യുമോണിയ ബാധയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതോടെ ആരോഗ്യനില പെട്ടെന്ന് വഷളായി. ആര്യ അബോധാവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആര്യയുടെ രക്ത സമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലാണ്. വെന്‍റിലേറ്ററിന്‍െറ സഹായത്തോടുകൂടിയാണ് കുട്ടി ഇപ്പോള്‍ കഴിയുന്നത്. തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. ഭാഗികമായി മാത്രമേ മരുന്നുകളോട് പ്രതികരിക്കുന്നുള്ളൂ. ശക്തമായ ആന്‍റിബയോട്ടിക്കുകള്‍ നല്‍കാനാണ് തീരുമാനം. വെന്‍റിലേറ്റര്‍ സഹായം 24 മണിക്കൂര്‍ കൂടി തുടരും. ശസ്ത്രക്രിയ വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ വീണ്ടും ബോര്‍ഡ് യോഗം ചേരും. ശുഭപ്രതീക്ഷയാണുള്ളതെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ച ഡോ. അജിത്കുമാര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.