You are Here : Home / News Plus

ഇടതു നിലപാടിനെ ഭൂരിപക്ഷ വര്‍ഗീയതയോട് ചേര്‍ത്തുവെക്കുന്നത് അബദ്ധമാണെന്ന് പിണറായി

Text Size  

Story Dated: Monday, July 20, 2015 05:48 hrs UTC

തിരുവനന്തപുരം: മതനിരപേക്ഷതാ സങ്കല്‍പം മതന്യൂനപക്ഷത്തിലേക്ക് മാത്രം ചുരുങ്ങിപ്പോകരുതെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ പ്രസ്താവനക്ക് മറുപടിയായി സി.പി.എം നേതാവ് പിണറായി വിജയന്‍െറ ഫേസ്ബുക് പോസ്റ്റ്. ഇടതുപക്ഷത്തിന്‍െറ നിലപാടുകളെ ഭൂരിപക്ഷ വര്‍ഗീയതയോട് ചേര്‍ത്തുവെക്കാനുള്ള അത്യാഗ്രഹം പുറത്തുചാടുന്നത് അബദ്ധമാണെന്ന് പിണറായി വ്യക്തമാക്കി.
‘ഇടതുപക്ഷത്തിന് വര്‍ഗീയതയോട് ഒരു സന്ധിയുമില്ല. വര്‍ഗീയ വിഭജനത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തുറന്നുകാട്ടി ഒറ്റപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളിലും മുന്നിലാണ് ഇടതുപക്ഷം. വിട്ടുവീഴ്ചയില്ലാത്ത ആ നിലപാട് ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുന്നതും ഇടതുപക്ഷത്തിന്‍െറ നിലപാടുകളെ ഭൂരിപക്ഷ വര്‍ഗീയതയോട് ചേര്‍ത്തുവെക്കാനുള്ള അത്യാഗ്രഹം പുറത്തുചാടുന്നതും ഒരുപോലെ അബദ്ധമാണ്’. മാറാട് കലാപത്തില്‍ ആശ്വാസം പകരാനും സര്‍വതും നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും ഇടതുപക്ഷപ്രസ്ഥാനം പോയത് അവരുടെ മതം നോക്കിയല്ല. വര്‍ഗീയ ആക്രമണത്തിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതും ആത്മവിശ്വാസം ഉണ്ടാക്കുന്നതും മതനിരപേക്ഷത സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ്. ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യാനുള്ള പ്രതിബദ്ധത ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മതന്യൂനപക്ഷത്തിന്‍െറ മാത്രം സംരക്ഷകരാണോയെന്ന് മറ്റുള്ളവര്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ലെന്ന് തലശ്ശേരിയില്‍ എന്‍.ഇ. ബാലറാം, പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തില്‍ കാനംരാജേന്ദ്രന്‍ പറഞ്ഞിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.