You are Here : Home / News Plus

കോന്നി സംഭവം: പരിക്കേറ്റ ആര്യ സുരേഷ് മരിച്ചു

Text Size  

Story Dated: Monday, July 20, 2015 06:00 hrs UTC

തൃശൂര്‍: കോന്നിയില്‍നിന്ന് കാണാതാവുകയും പിന്നീട് ഒറ്റപ്പാലത്തിനടുത്ത് റെയില്‍പാളത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും ചെയ്ത ആര്യ പി. സുരേഷ് മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ആര്യക്ക് ഇന്നുച്ചക്കു ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ രണ്ട് ദിവസമായി മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു ആര്യ. ചികിത്സ തുടരുന്നതിനിടക്കാണ് ഇന്ന് ഹൃദയാഘാതം ഉണ്ടായത്. നില അതീവ ഗുരുതരമായി തുടരുകയാണെന്നും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ ആര്യയുടെ കുടുംബത്തെ നേരത്തെ അറിയിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നാളെയായിരിക്കുമെന്നാണ് സൂചന. സൗദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്യുന്ന പിതാവ് സുരേഷ് നാട്ടിലത്തെിയതിനു ശേഷമായിരിക്കും സംസ്കാരം
ഇന്നു രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിലും ആര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വെന്‍റിലേറ്ററിന്‍െറ സഹായം 24 മണിക്കൂര്‍ നീട്ടാനും മെഡിക്കല്‍ സംഘം തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനത്തെുടര്‍ന്ന് വെന്‍റിലേറ്റര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും ശനിയാഴ്ച ന്യൂമോണിയയും ശ്വാസകോശത്തില്‍ അണുബാധയുമുണ്ടായതോടെ നില വഷളാവുകയായിരുന്നു. ഇതിനിടെ തലച്ചോറില്‍ നീര്‍ക്കെട്ടുമുണ്ടായി. ആന്‍റി ബയോട്ടിക്കുകള്‍ നല്‍കിയിരുന്നെങ്കിലും ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. ശ്വാസകോശത്തിലെ പഴുപ്പ് നീക്കം ചെയ്തെങ്കിലും മരുന്നുകളോട് പ്രതികരണം ഇല്ലായിരുന്നു.
സുഹൃത്തുക്കളായ ഐരവണ്‍ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവര്‍ക്കൊപ്പം ഈമാസം ഒമ്പതിനാണ് ആര്യയെ കാണാതായത്. പിന്നീട് 12ന് ഒറ്റപ്പാലത്ത് റെയില്‍പാളത്തിലാണ് മൂവരെയും കണ്ടത്തെിയത്. ആതിരയും രാജിയും അന്നുതന്നെ മരിച്ചു. നാടുവിട്ടതിനെപ്പറ്റിയും ആത്മഹത്യയുടെ കാരണങ്ങളെപ്പറ്റിയും നിര്‍ണായക വിവരങ്ങളാണ് ആര്യയോടൊപ്പം ഇല്ലാതാകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.