You are Here : Home / News Plus

ബാര്‍കോഴ: കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ല

Text Size  

Story Dated: Tuesday, July 21, 2015 05:38 hrs UTC

തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന വിജിലന്‍സിന്‍െറ ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അംഗീകരിച്ചു. ബാബുവിനെതിരെ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ലഭ്യമായില്ളെന്നും എഫ്.ഐ.ആര്‍ ഇടേണ്ട ആവശ്യമില്ളെന്നും വിജിലന്‍സ് മധ്യമേഖലാ എസ്.പി കെ.എം. ആന്‍റണി ജൂണ്‍ 10ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 40 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. ബാര്‍ ലൈസന്‍സ് ഫീസ് 22 ലക്ഷത്തില്‍നിന്ന് 30 ലക്ഷം രൂപയാക്കാതിരിക്കാന്‍ ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നും ബാബുവിന്‍െറ നിര്‍ദേശപ്രകാരം പലയിടങ്ങളില്‍ വെച്ച് തുക കൈമാറിയെന്നുമായിരുന്നു ബിജുവിന്‍െറ ആരോപണം.
മാര്‍ച്ച് 31ന് തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ സി.ആര്‍.പി.സി 164ാം വകുപ്പ് പ്രകാരം ബിജു നല്‍കിയ മൊഴിയിലാണ് ആരോപണം ഉന്നയിച്ചത്. പത്ത് കോടിയില്‍ 50 ലക്ഷം മന്ത്രിയുടെ ഓഫിസിലത്തെി കൈമാറിയെന്ന് പിന്നീട് ബിജു മാധ്യമങ്ങളിലൂടെയും ആരോപിച്ചു. തുടര്‍ന്നാണ് ഏപ്രില്‍ 30ന് ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ പ്രഖ്യാപിച്ചത്. ബിജു രമേശ്, ഡ്രൈവര്‍ അമ്പിളി, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹി റഫീസ് എന്നിവര്‍ മാത്രമാണ് ബാബുവിനെതിരെ മൊഴി നല്‍കിയത്. എന്നാല്‍, മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ഇവര്‍ക്കായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശങ്ങള്‍ ഇവയാണ്: 2013 ഫെബ്രുവരി നാലിന് ബാബുവിന്‍െറ ചേംബറില്‍ നടന്ന യോഗത്തില്‍ ബാബു നേരിട്ട് കോഴ ആവശ്യപ്പെട്ടു എന്നാണ് ബിജുവിന്‍െറ ആരോപണം. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത മുന്‍ നികുതി സെക്രട്ടറി എ. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് നിഷേധിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെച്ച് വിവിധ സമയങ്ങളില്‍ പത്ത് കോടി കൈമാറിയെന്നാണ് ആരോപണം. എന്നാല്‍, എവിടെവെച്ച് ആരൊക്കെ എത്ര തുക ആര്‍ക്ക് കൈമാറിയെന്നത് വ്യക്തമാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നും ഇത് നിരാകരിക്കാന്‍ പണം വേണമെന്ന് ബാബു പറഞ്ഞതായും പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍, എക്സൈസ് കമീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഇത്തരത്തില്‍ നിര്‍ദേശം ഉണ്ടായിട്ടില്ളെന്ന് മൊഴി നല്‍കി. മുന്‍കാലങ്ങളില്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയതിന്‍െറ കണക്കുകളും അതിനുള്ള മാനദണ്ഡങ്ങളും പരിശോധിച്ചു. ഇതില്‍നിന്ന് പരാതിക്കാരന്‍െറ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യമായി. 2013ന് നടന്ന സംഭവം ഇത്രയും നാള്‍ പരാതിക്കാരന്‍ ഒളിച്ചുവെച്ചതിലും സംശയമുണ്ട്.
2015 ഒക്ടോബര്‍ 31നാണ് മന്ത്രി കെ.എം. മാണിക്കെതിരെ പരാതിക്കാരന്‍ ആദ്യമായി കോഴ ആരോപണം ഉന്നയിച്ചത്. പിറ്റേദിവസം ബാബു വാര്‍ത്താസമ്മേളനം നടത്തി. ബാറുകളുടെ കാര്യത്തില്‍ ധനമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ളെന്നും ആരോപണം തനിക്കുനേരെയാണ് ഉന്നയിക്കേണ്ടതെന്നും ബാബു വ്യക്തമാക്കി. മാസങ്ങള്‍ കഴിഞ്ഞിട്ട് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ട്. എലഗന്‍റ് ഗ്രൂപ് ഉടമ ബിനോയ് ബാബുവിന്‍െറ ബിനാമിയാണെന്നും 15 ലക്ഷം വാങ്ങിയാണ് ബിയര്‍ ലൈസന്‍സുകള്‍ അനുവദിച്ചതെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.