You are Here : Home / News Plus

പി.സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കി

Text Size  

Story Dated: Tuesday, July 21, 2015 05:42 hrs UTC

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധനിയമപ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് സ്പീക്കര്‍ക്ക് കത്തു നല്‍കി. പാര്‍ട്ടി വിപ്പ് കൂടിയായ ഗവ. ചീഫ്വിപ്പ് തോമസ് ഉണ്ണിയാടനാണ് ഇന്നലെ വൈകിട്ട് പാര്‍ട്ടിയുടെ ആവശ്യം അടങ്ങിയ കത്ത് സ്പീക്കര്‍ എന്‍. ശക്തന് കൈമാറിയത്. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോയതായി കണക്കിലെടുത്ത് കൂറുമാറ്റ നിരോധനിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ ഗവ. ചീഫ്വിപ്പ് കൂടിയായ പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മാണിഗ്രൂപ്പ് ഉന്നതാധികാര സമിതിയോഗം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു തീരുമാനം.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം സ്വന്തം പ്രവൃത്തി കൊണ്ടുതന്നെ ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ കൂറുമാറ്റ നിരോധ നിയമപ്രകാരം അയാള്‍ക്കെതിരെ നടപടിയെടുക്കാനാകുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടി പിന്തുണച്ച മുന്നണി സ്ഥാനാര്‍ഥി ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ പിന്തുണക്കാതെ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കുകയും അദ്ദേഹത്തിന്വേണ്ടി കണ്‍വെന്‍ഷനുകളില്‍ ഉള്‍പ്പെടെ പങ്കെടുത്ത് പരസ്യപ്രചരണം നടത്തുകയും ചെയ്തതോടെ ജോര്‍ജ് പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയിരിക്കുകയാണ്. വോട്ടിങ്ങില്‍ ഉള്‍പ്പെടെ നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് ജൂണില്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെന്ന് സ്വയം സമ്മതിക്കുന്നതാണ്. ഇതെല്ലാം കണക്കിലെടുത്ത് അയോഗ്യനാക്കണമെന്നാണ് കത്തിലെ ആവശ്യം.
മാണി ഗ്രൂപ്പിന്‍െറ ആവശ്യത്തിന്‍മേല്‍ കീഴ്വഴക്കങ്ങള്‍ പരിശോധിച്ചും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചും സ്പീക്കര്‍ ആണ് തീരുമാനമെടുക്കേണ്ടത്. അയോഗ്യനാക്കണമെന്ന കത്ത് ലഭിച്ചാല്‍ നിയമം അനുസരിച്ച് അടുത്ത ഏഴു ദിവസത്തിനുള്ളില്‍ മാണിഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.എം മാണിയുടെയും പി.സി ജോര്‍ജിന്‍െറയും വിശദീകരണം സ്പീക്കര്‍ തേടേണ്ടതുണ്ട്. അവരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുക.
പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും എതിരെ പരസ്യപ്രസ്താവന നടത്തിയതിന്‍െറ പേരില്‍ മാണിഗ്രൂപ്പില്‍ നിന്നും ജോര്‍ജിനെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. നിയമസഭയില്‍ പൂഞ്ഞാര്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
തന്നെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് മാണി ഗ്രൂപ് നല്‍കിയ കത്ത് ചാപിള്ളയാകുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഏത് നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് തന്നെ അയോഗ്യനാക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, കെ.എം. മാണിയുടെ കളിതമാശയാണിതെന്നും കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.