You are Here : Home / News Plus

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കി

Text Size  

Story Dated: Thursday, July 30, 2015 05:38 hrs UTC

മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കി. പുലര്‍ച്ചെ 6.38ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് തൂക്കിലേറ്റിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 9.55 ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കര്‍ശന നിബന്ധനകളോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യാക്കൂബ് മേമന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അനുവദിച്ച സമയത്തിനകം സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കണം, സ്മാരകം നിര്‍മ്മിക്കരുത്, ചടങ്ങിന്റേയോ മൃതദേഹത്തിന്റേയോ ചിത്രങ്ങളോ വീഡിയോയോ പുറത്തുവിടരുത് തുടങ്ങിയ കര്‍ശന നിബന്ധനകള്‍ ബന്ധുക്കള്‍ അംഗീകരിച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനനായത്.

ജയിലില്‍ നിന്ന് ആംബുലന്‍സില്‍ നാഗ്പുര്‍ വിമാനത്താവളത്തിച്ച മൃതദേഹം എയര്‍ ആംബുലന്‍സിലാണ് മുംബൈയിലേക്ക് കൊണ്ടുപോയത്. മധ്യ മുംബൈയിലെ താമസസ്ഥലത്ത് ബന്ധുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കിയ ശേഷം ബാന്ദ്രയിലെ ഖബറുസ്താനില്‍ സംസ്‌കരിക്കും.

21 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്. അതിരാവിലെ തന്നെ ശിക്ഷനടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. യാക്കുബ് മേമനെ വിളിച്ചുണര്‍ത്തി ലഘുഭക്ഷണം നല്‍കിയെങ്കിലും അദ്ദേഹം കഴിച്ചില്ല. തുടര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കി. അരമണിക്കൂറോളം പ്രാര്‍ത്ഥിച്ചു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് തൂക്കുമരത്തിലേക്കെത്തിച്ചത്. 6.38 ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം മേമനെ തൂക്കിലേറ്റി. മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയ ആരാച്ചാര്‍ തന്നെയാണ് വധശിക്ഷ നടപ്പാക്കിയത്. 7.01ന് ഡോക്ടര്‍ പരിശോധിച്ച് യാക്കൂബ് മരിച്ചുവെന്ന് ഉറപ്പുവരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.