You are Here : Home / News Plus

മാധ്യമ നഗരം മിഴി തുറക്കുമ്പോള്‍

Text Size  

Story Dated: Sunday, November 30, 2014 10:05 hrs UTC

എണ്‍പതുകളിലെ അമ്മായിയമ്മപ്പോര്. സ്ത്രീപീഡനം. കണ്ണീര്. പോരാത്തതിന് ഉത്തരേന്ത്യന്‍ കഥയും. ഈ മസാലക്കൂട്ടിലാണ് മലയാളത്തിലിപ്പോള്‍ സീരിയലുകള്‍ പിറക്കുന്നത്. കാലം മാറിയത് ഇവരറിയുന്നില്ല. ഉത്തരേന്ത്യന്‍ ജീവിതമല്ല മലയാളിയുടേതെന്ന് തിരിച്ചറിയുന്നുമില്ല. കടം വാങ്ങിയ കഥകള്‍ കണ്ടുകണ്ട് വീട്ടമ്മമാരും മടുത്തുതുടങ്ങി. ഈയൊരു സ്‌പേസിലേക്കാണ് 'ഫ്‌ളവേഴ്‌സ്' എന്ന സമ്പൂര്‍ണ്ണ വിനോദചാനല്‍ വരുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ആര്‍.ശ്രീകണ്ഠന്‍നായര്‍ നേതൃത്വം നല്‍കുന്ന 'ഫ്‌ളവേഴ്‌സ്' അടുത്ത ഫെബ്രുവരിയില്‍ സംപേഷണം ആരംഭിക്കും. ഗോകുലം ഗോപാലനാണ് ചാനലിന്റെ ചെയര്‍മാന്‍. 
ഇന്‍സൈറ്റ് മീഡിയാ സിറ്റിയുടെ ഭാഗമായി വരുന്ന ചാനലിന് പ്രത്യേകതകളേറെയുണ്ട്. ദേശീയ ഗുണനിലവാരത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുകയാണ് ചാനലിന്റെ പ്രഥമദൗത്യം. 

 


''പൊതുവെ ചാനലുകളില്‍ നിന്ന് കേരളം അകന്നുപോവുകയാണ്. നിലവാരമില്ലായ്മയാണ് അതിന് പ്രധാന കാരണം. കേരളത്തിന്റെ തനിമയും സംസ്‌കാരവും പലപ്പോഴും ചാനലുകള്‍ മറന്നുപോകുന്നു. ഇവിടെയാണ് 'ഫ്‌ളവേഴ്‌സി'ന്റെ പ്രസക്തി. ലോക ടെക്‌നോളജിയില്‍ വന്ന മാറ്റം എഡോപ്റ്റ് ചെയ്യാനാണ് ഞങ്ങളുടെ ശ്രമം.''
ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, മഴവില്‍ മനോരമ എന്നീ ചാനലുകളില്‍ നിന്നുള്ള ശ്രീകണ്ഠന്‍നായരുടെ അനുഭവപരിചയം 'ഫ്‌ളവേഴ്‌സി'ന് മുതല്‍ക്കൂട്ടാകും. 

 


''കേരളത്തില്‍ ഒരുപാടു ചാനലുകളുണ്ട്. അവരുമായി മത്സരമുണ്ടാകും എന്നുറപ്പാണ്. അതിനിടയിലും ക്വാളിറ്റിയുടെ ഭാഗത്ത് മലയാളി പ്രേക്ഷകര്‍ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ഓരോ മാസവും പത്തിലധികം സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. അതില്‍ ഒന്നോ രണ്ടോ മാത്രമേ വിജയിക്കുന്നുള്ളൂ. അതുപോലെ തന്നെയാണ് ചാനല്‍രംഗവും. ഉത്തരേന്ത്യന്‍ ചാനലുകളില്‍ ഹിറ്റായിക്കഴിഞ്ഞ സീരിയലുകളുടെ കഥകളെടുത്താണ് മലയാളത്തില്‍ സീരിയലെടുക്കുന്നത്. ആ കഥകള്‍ക്ക് നമ്മുടെ മണ്ണിന്റെ മണമില്ല. അമ്മായിയമ്മപ്പോര് ഇപ്പോള്‍ സീരിയലുകളില്‍ മാത്രമേയുള്ളൂ. പുതിയ കാലത്തിന്റെ കഥകളാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്. 'ഫ്‌ളവേഴ്‌സി'ല്‍ അത്തരം സീരിയലുകള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ കണ്ണീരുണ്ടാകും. പക്ഷെ അത് പുതിയ മനുഷ്യന്റെ കണ്ണീരായിരിക്കും.''
ശ്രീകണ്ഠന്‍നായര്‍ക്ക് പ്രോഗ്രാമുകളെക്കുറിച്ച് വ്യക്തമായ പ്ലാനുണ്ട്. ചാനലിന്റെഅണിയറപ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ മാര്‍ക്കറ്റ് കേരളമാണ്. 850 കോടിയുടെ മാര്‍ക്കറ്റാണ് ഇലക്‌ട്രോണിക് മീഡിയയ്ക്കുള്ളത്. അതിനിടയിലേക്ക് പുതിയ ചാനല്‍ വരുമ്പോള്‍ പരസ്യത്തിന് ഒരിക്കലും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ല. പരസ്യങ്ങള്‍ ഷെയര്‍ ചെയ്യപ്പെടാനാണ് സാധ്യതയെന്നും ശ്രീകണ്ഠന്‍നായര്‍ വിലയിരുത്തുന്നു. ശ്രീകണ്ഠന്‍നായരുടെ പേരിലുള്ള ഷോ പുതിയ ചാനലിലും തുടരും. അതിനൊപ്പം വേറിട്ട മറ്റൊരു പരിപാടി കൂടി അദ്ദേഹം ആലോചിക്കുന്നുണ്ട്. 
മലയാളത്തിലെ പ്രശസ്തമായ കൃതികളുടെ ടെലിവിഷന്‍ രൂപാന്തരത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടിയുണ്ട്, ശ്രീകണ്ഠന്‍നായര്‍ക്ക്.  

 


''പ്രശസ്തമായ കൃതികളൊക്കെ സിനിമയിലും ടി.വിയിലുമൊക്കെ ചെയ്തുകഴിഞ്ഞു. ഇനിയുള്ളത് സീരിയലുകളില്‍ ഒതുങ്ങാത്തവയാണ്. മാത്രമല്ല, ചിലതൊക്കെ കാലത്തെ ആസ്പദമാക്കിയുള്ളതാണ്. പ്രമേയം പഴകുമ്പോള്‍ ആസ്വാദനരീതിയും മാറും. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. എന്നാല്‍ നല്ല സാഹിത്യസൃഷ്ടിക്ക് ടി.വി രൂപാന്തരം കണ്ടുപിടിക്കുകയാണെങ്കില്‍ അതിനു മുമ്പില്‍ വാതിലടയ്ക്കുകയുമില്ല. മറ്റു വിനോദചാനലുകളില്‍ സിനിമാസംബന്ധിയായ പ്രോഗ്രാമുകളാണ് അധികവും. എന്നാല്‍ 'ഫ്‌ളവേഴ്‌സി'ല്‍ സിനിമയ്ക്ക് അമിത പ്രാധാന്യമില്ല. എല്ലാ ആളുകള്‍ക്കും ആസ്വദിക്കാന്‍ പാകത്തിലായിരിക്കും അതിന്റെ ഉള്ളടക്കം.''

 


തിരുവനന്തപുരത്തുനിന്നും പുതിയൊരു ന്യൂസ്ചാനലും മീഡിയാസിറ്റിയുടെ ഭാഗമായി ഒരുങ്ങുന്നുണ്ട്. ഏപ്രിലിലാണ് അതിന്റെ സംപ്രേഷണം. ന്യൂസ്ചാനലിന്റെ പേര് പുറത്തുവിടാനായിട്ടില്ലെന്നും സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ശ്രീകണ്ഠന്‍നായര്‍ പറഞ്ഞു.  
''ഇപ്പോഴൊരു മീഡിയാ ട്രയലാണ് കേരളത്തില്‍ നടക്കുന്നത്. സെന്‍സേഷണല്‍ വാര്‍ത്തകള്‍ നല്‍കി സ്ത്രീകളെയും വാര്‍ത്തയിലേക്ക് അടുപ്പിക്കുകയാണ് ന്യൂസ് ചാനലുകള്‍. മറ്റു രാജ്യങ്ങളിലെ വാര്‍ത്താചാനലുകള്‍ ഇങ്ങനെയല്ല. കറന്റ് അഫയേഴ്‌സ് ബേസ് ചെയ്തുള്ള ഷോകള്‍, വേറിട്ട ടോക്‌ഷോകള്‍ എന്നിവയ്ക്കും അവര്‍ വാര്‍ത്തയുടെ അതേ പ്രാധാന്യം നല്‍കും. അതിന്റെ മാതൃക പിന്തുടരാനാണ് പുതിയ ന്യൂസ്ചാനല്‍ ആലോചിക്കുന്നത്. വാര്‍ത്തകള്‍ കൊണ്ടു മാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയില്ല. പ്രേക്ഷകര്‍ അകന്നുപോകുമ്പോഴാണ് ചാനലുകള്‍ മസാലകള്‍ ചേര്‍ക്കുന്നത്. വാര്‍ത്തയെ വാര്‍ത്തയായും ഷോയെ ഷോ ആയും കാണുകയാണ് വേണ്ടത്. മസാലയില്ലാത്ത വാര്‍ത്തകളാണ് ഞങ്ങളുടെ ലക്ഷ്യം.''

 


കൊച്ചിയില്‍ അന്താരാഷ്ട്ര മീഡിയാ കോളജ് ആരംഭിക്കാനാണ് ഇന്‍സൈറ്റിന്റെ മറ്റൊരു പ്ലാന്‍. 2015 സെപ്റ്റംബറില്‍ തുടങ്ങുന്ന കോളജിന്റെ മേധാവി ദുബായിലെ ഡോ.വിദ്യാവിനോദാണ്. ഇലക്‌ട്രോണിക് മീഡിയയില്‍ പ്രൊഫഷണലായി പരിശീലനം കിട്ടിയവര്‍ ഇന്ത്യയില്‍ പൊതുവെ കുറവാണ്. അത് പരിഹരിക്കാനാണ് മീഡിയാ കോളജിന്റെ ശ്രമം. ഇവിടെ പഠിക്കുന്നവര്‍ക്ക് ഇന്‍സൈറ്റിന്റെ ചാനലുകളിലായിരിക്കും പരിശീലനം നല്‍കുക. കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന ദിവസം തന്നെ പ്രാക്ടിക്കല്‍ ട്രെയിനിംഗും ലഭിക്കുന്നത് മറ്റൊരു സവിശേഷതയാണ്. ഇതിനൊപ്പം കമ്യൂണിറ്റി റേഡിയോയും പരിഗണനയിലുണ്ട്. 
ലോകത്തിലെ മൂന്നാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ ഇന്‍സൈറ്റ് മീഡിയാസിറ്റിയില്‍ പതിനാല് മാധ്യമസംരംഭങ്ങളാണ് മൂന്നു ഘട്ടങ്ങളിലായി പ്രവര്‍ത്തനം ആരംഭിക്കുക. എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിലെ 27 ഏക്കര്‍ വരുന്ന സ്ഥലത്ത് മീഡിയാസിറ്റി സമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ടി.വി.ചാനലുകള്‍ക്കും മീഡിയ കോളജിനും പുറമെ ചലച്ചിത്ര നിര്‍മ്മാണ ഡിവിഷനും വിവിധ രാജ്യങ്ങളില്‍ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യംവയ്ക്കുന്ന വേള്‍ഡ് ഇവന്റ് സെന്ററും മീഡിയാസിറ്റിയിലുണ്ടാകും. ആദ്യഘട്ടത്തില്‍ അഞ്ഞൂറുകോടി മുതല്‍മുടക്കുള്ള ഈ സംരംഭത്തെ ഇന്ത്യന്‍ മാധ്യമലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.