You are Here : Home / News Plus

കോഴ ആരോപണത്തില്‍ നിയമസഭ ഡീബാര്‍

Text Size  

Story Dated: Monday, December 01, 2014 11:27 hrs UTC

. ബാര്‍ കോഴ വിഷയത്തില്‍ നിയസഭ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ധനമന്ത്രി കെ.എം.മാണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി. ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി പണം കൈമാറിയെന്നാണ് കോടിയേരിയുടെ ആരോപണം.

മാണിയുടെ പാലായിലെ വീട്ടിലെത്തി 15 ലക്ഷം രൂപയും പിന്നീട് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി ഏപ്രില്‍ രണ്ടിന് രാവിലെ 6.30ന് 35 ലക്ഷം രൂപയും കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. മാണിക്കെതിരേ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ കെഎല്‍ 01 ബി 7878 നമ്പര്‍ കാറിലെത്തി മറ്റ് രണ്ടു പേരാണ് കോഴപ്പണം നല്കിയത്. ഇതിന്റെ തെളിവുകള്‍ സിഡിയിലാക്കി കോടിയേരി സഭയുടെ മേശപ്പുറത്ത് വെച്ചു.

ബാര്‍ അസോസിയേഷന്‍ നേതാക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ ഇതിന്റെ തെളിവുകള്‍ ലഭിക്കും. സര്‍ക്കാരിന് ഇതിന് ധൈര്യമുണ്‌ടോ എന്നും കോടിയേരി ചോദിച്ചു.

ബാര്‍ ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്ത മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്‌സ് സഭയുടെ മേശപ്പുറത്ത് വെയ്ക്കണം. ആരോപണം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെളിവായി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതേസമയം ബാര്‍ കോഴ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നും കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

അടിയന്തരപ്രമേയത്തിന് മറുപടി നല്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു.
താനോ പാര്‍ട്ടിയോ ബാറുടമകളില്‍ നിന്ന് കോഴപ്പണം സ്വീകരിച്ചിട്ടില്ലെന്ന് തുടര്‍ന്ന് സംസാരിച്ച ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ബാര്‍ വിഷയത്തിലെ മുഴുവന്‍ തീരുമാനങ്ങളും മന്ത്രിസഭായോഗം ചേര്‍ന്ന് സ്വീകരിച്ചതാണ്. താന്‍ മാത്രമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഹീനമായ ശ്രമം നടത്തുകയാണെന്ന് ആരോപിച്ചു.  പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് പിന്നാലെ അടിയന്തരപ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ടിറങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.