You are Here : Home / News Plus

മോണ്‍. ജേക്കബ് കൊല്ലാപറമ്പില്‍ നിര്യാതനായി

Text Size  

Story Dated: Saturday, December 06, 2014 11:29 hrs UTC

കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികനും മുന്‍ വികാരി ജനറാളുമായ മോണ്‍. ജേക്കബ് കൊല്ലാപറമ്പില്‍ (80) നിര്യാതനായി.
കടുത്തുരുത്തി കൊല്ലാപറമ്പില്‍ പരേതരായ ഇട്ടിക്കുഞ്ഞ് -മറിയം ദമ്പതികളുടെ മകനായി 1934 ജൂലൈ 15നായിരുന്നു ജനനം. കടുത്തുരുത്തി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, സെന്റ് മൈക്കിള്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എസ്എച്ച് മൗണ്ട് സെന്റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു. റോമിലെ മലബാര്‍ കോളജിലെ ഉപരിപഠനത്തിനു ശേഷം 1961 ഏപ്രില്‍ 23ന് റോമില്‍വച്ച് മാര്‍ ജോസഫ് പാറേക്കാട്ടില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. കാനന്‍ നിയമത്തിലും ചരിത്രത്തിലും എംഎയും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കാനന്‍ നിയമത്തില്‍ അഗാധ പാണ്ഡ്യത്യം നേടിയ മോണ്‍. കൊല്ലാപറമ്പില്‍ റോമിലെ ഓറിയന്റല്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സെമിനാരികളിലും വിസിറ്റിംഗ് പ്രൊഫസറായും കടുത്തുരുത്തി വലിയപള്ളി വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

കെഎസ്എസ്എസ്. പ്രസിഡന്റ്, കോളജ് പ്രോമാനേജര്‍, ധര്‍മ്മാരാം കോളജ് പ്രൊഫസര്‍, മാര്‍ മാക്കീല്‍ ഗുരുകുലം റെക്ടര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍, കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കോളജ് ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിരൂപതയിലെ സേവനങ്ങള്‍ക്കൊപ്പം സീറോ മലബാര്‍ സഭയിലെ വിവിധ കമ്മിറ്റികളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. നിലയ്ക്കല്‍ എക്യുമെനിക്കല്‍ കമ്മിറ്റിയംഗം, കാത്തലിക് ഓര്‍ത്തഡോക്‌സ് ഡയലോഗ് കമ്മിറ്റിയംഗം, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണകോടതിയിലെ ചീഫ് ജഡ്ജ്, സീറോ മലബാര്‍ ബിഷപ് കോണ്‍ഫറന്‍സിന്റെ ഡെപ്യൂട്ടി സെക്രട്ടറി, വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മെംബര്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ െ്രെടബ്യൂണല്‍ ജഡ്ജ്,വൈസ് പ്രസിഡന്റ്, സെന്റ് പയസ് മിഷനറി സൊസൈറ്റി വൈസ് ഡയറക്ടര്‍, സീറോ മലബാര്‍ സഭ കാനന്‍ നിയമ കമ്മീഷനംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ ചരിത്രം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം വളരെ പ്രശസ്തമാണ്. 2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചു. ക്‌നാനായ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ആദ്യത്തെ നുഹ്‌റാ അവാര്‍ഡ് ലഭിച്ചു.
സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി വലിയപള്ളിയില്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.