You are Here : Home / News Plus

ഞായറാഴ്ചകള്‍ ഇനി ഡ്രൈ ഡേ അല്ല

Text Size  

Story Dated: Thursday, December 18, 2014 05:12 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ദിവസങ്ങളില്‍ നടപ്പാക്കിയിരുന്ന ഡ്രൈഡേ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഞായറാഴ്ച ഡ്രൈ ഡേ നടപ്പാക്കിയപ്പോള്‍ ശനിയാഴ്ച ദിവസം 60 ശതമാനം വരെ മദ്യവില്‍പന വര്‍ധിക്കുകയാണുണ്ടായത്. മദ്യനയം നടപ്പാക്കുന്നത് കാര്യക്ഷമാക്കുന്നതിന്‍െറ ഭാഗമായാണ് നിലവിലെ തീരുമാനങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ മദ്യ വില്‍പനശാലകളുടെ മൊത്തം സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറക്കും. ഇതോടെ പ്രവര്‍ത്തന സമയം 12.30 മണിക്കൂറായി കുറയും. സമയക്രമം എക്സൈസ് വകുപ്പ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
2014 മാര്‍ച്ച് 31വരെ പ്രവര്‍ത്തിച്ചതും നിലവാരമുള്ളതുമായ ബാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍^വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കും. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ബാറുടമകള്‍ തന്നെ തൊഴില്‍ നല്‍കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.
അടച്ചു പൂട്ടിയ ത്രീ, ഫോര്‍ സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ല. എന്നാല്‍ ഫൈവ് സ്റ്റാര്‍ അടക്കമുള്ള മറ്റ് ഹോട്ടലുകള്‍ക്ക് ഇതു ബാധകമല്ല. ദേശീയ, സംസ്ഥാന പാതകളുടെ വശങ്ങളിലുള്ള ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഒൗട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ഹൈകോടതി നിര്‍ദേശം നടപ്പാക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ 163 ഒൗട്ട് ലെറ്റുകള്‍ സംസ്ഥാനത്തുണ്ട്. മദ്യനയത്തില്‍ പറയുന്ന പ്രകാരം 10 ശതമാനം ഒൗട്ട്ലെറ്റുക്കള്‍ അടച്ചു പൂട്ടുന്നവയില്‍ ദേശീയ, സംസ്ഥാന പാതകളുടെ സമീപത്തുള്ളവക്ക് മുന്‍ഗണന നല്‍കും. 2015ലെ ഗാന്ധി ജയന്തി ദിനത്തില്‍ 10 ശതമാനം ഒൗട്ട് ലെറ്റുകള്‍ അടച്ചു പൂട്ടും.
മദ്യനയം നടപ്പാക്കുന്നതു വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. സമിതിയിലെ അംഗങ്ങളെകുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മദ്യനയം സംബന്ധിച്ച പുതിയ തീരുമാനങ്ങളിലുള്ള കടുത്ത വിയോജിപ്പ് മന്ത്രിസഭായോഗത്തില്‍ മുസ് ലിം ലീഗ് പ്രകടിപ്പിച്ചു. സമ്പൂര്‍ണ മദ്യനിരോധനമാണ് ലീഗിന്‍െറ നിലപാട്. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാനാണ് യു.ഡി.എഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിദത്ത റബറിന്‍െറ വില ദിനംപ്രതി പ്രഖ്യാപിക്കാന്‍ റബര്‍ കമ്പനികളും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോഴത്തെ വിലയുടെ കൂടെ 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം പര്‍ച്ചേസ് ടാക്സും ചുമത്തി ഡീലര്‍മാരില്‍ നിന്നു റബര്‍ വാങ്ങും. പര്‍ച്ചേസ് ടാക്സിന്‍െറ പകുതി റബര്‍ നിര്‍മാതാക്കള്‍ക്കു മടക്കി നല്‍കും. ഇന്നത്തെ വില പ്രകാരം റബറിന് കിലോഗ്രാമിന് 130.20 രൂപ വില ലഭിക്കും. ഇന്നു മുതല്‍ 2015 മാര്‍ച്ച് ഒന്നുവരെ പുതിയ വിലയില്‍ റബര്‍ ശേഖരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.