You are Here : Home / News Plus

ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ബംഗ്ലാദേശിന് 15 റണ്‍സ് ജയം; ഇംഗ്ലണ്ട് പുറത്ത്

Text Size  

Story Dated: Monday, March 09, 2015 05:16 hrs UTC

അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ ആവേശകരമായ മത്സരത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ബംഗ്ളാദേശിന് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ളാദേശ് ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ളണ്ട് 48.3 ഓവറില്‍ 260 റണ്‍സിന് പുറത്താവുകയായിരുന്നു. 48ാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ റുബല്‍ ഹുസൈനാണ് കളി ബംഗ്ളാദേശിന്‍െറ വരുതിയിലാക്കിയത്. ജയത്തോടെ ബംഗ്ളാദേശ് രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ ഇംഗ്ളണ്ട് ലോകകപ്പില്‍ നിന്ന് പുറത്തായി. പൂള്‍ എയില്‍ നിന്ന് ബംഗ്ളാദേശ്, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകള്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി.
ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമായിരുന്നു ഇംഗ്ളണ്ടിന്. എത്തിപ്പിടിക്കാവുന്ന റണ്‍സ് പിന്തുടര്‍ന്ന് കളിച്ച ഇംഗ്ളണ്ട് കരുതിയാണ് ബാറ്റിങ് ആരംഭിച്ചത്. 19 റണ്‍സെടുത്ത മുഈന്‍ അലിയാണ് ആദ്യം പുറത്തായത്. അലി 21 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. അര്‍ധസെഞ്ച്വറി (63) നേടിയ ഇയന്‍ ബെല്ലിന് ശേഷം എത്തിയ ഹെയ്ല്‍സ് 27ഉം ജോ റൂട്ട് 29ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീടത്തെിയ ക്യാപ്റ്റന്‍ മോര്‍ഗന്‍ പൂജ്യത്തിന് പുറത്തായി. നേടിയ ജെ.സി ബട് ലര്‍ (65) പ്രതീക്ഷ നല്‍കിയെങ്കിലും പുറത്തായതോടെ ഇംഗ്ളണ്ടിന്‍െറ നില പരുങ്ങലിലായി. ഒരറ്റത്ത് നിലയുറപ്പിച്ച് ക്രിസ് വോകേഴ്സ് (42) പുറത്താവാതെ പൊരുതിയെങ്കിലും മറ്റേ അറ്റത്തുള്ളവര്‍ വീഴുകയായിരുന്നു. അവസാന ഓവറിലെ രണ്ട് വിക്കറ്റടക്കം റൂബല്‍ ഹുസൈന്‍ നാല് വിക്കറ്റ് നേടി. മഷ്റഫി മുര്‍തസ, തസ്കിന്‍ അഹ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 50 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ളാദേശ് 275 റണ്‍സെടുത്തത്. 103 റണ്‍സെടുത്ത മഹ്മൂദുല്ലയാണ് ബംഗ്ളാദേശിന്‍െറ ടോപ് സ്കോറര്‍. ലോകകപ്പില്‍ ബംഗ്ളാദേശിന്‍െറ ആദ്യ സെഞ്ച്വറിയാണ് മഹ്മൂദുല്ല നേടിയത്. മഹ്മൂദുല്ലയുടെ ആദ്യസെഞ്ച്വറിയാണിത്. മുശ്ഫീഖുറഹ്മാന്‍ (89), സൗമ്യ സര്‍ക്കാര്‍ (40) എന്നിവരാണ് ബംഗ്ളാ നിരയിലെ മറ്റു സ്കോറര്‍മാര്‍.
ടോസ് നേടിയ ഇംഗ്ളണ്ട് ബംഗ്ളാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ബംഗ്ളാദേശിന് എട്ട് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഓപണിങ്ങ് പിഴച്ച ബാറ്റിംഗ് നിരയെ മൂന്നാം വിക്കറ്റില്‍ സൗമ്യസര്‍ക്കാറും മഹ്മൂദുല്ലയും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 86 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അഞ്ചാം വിക്കറ്റില്‍ മഹ്മൂദുല്ല മുശ്ഫീഖുറഹ്മാനെ കൂട്ടുപിടിച്ച് 141 റണ്‍സും കൂട്ടിച്ചേര്‍ത്തു. ലോകകപ്പിലെ ബംഗ്ളാദേശിന്‍െറ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഏകദിനത്തില്‍ ഇംഗ്ളണ്ടിനെതിരായ ബംഗ്ളാദേശിന്‍െറ ഉയര്‍ന്ന സ്കോറും ഇതാണ്. 138 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ടു സിക്സുമടങ്ങുന്നതായിരുന്നു മഹ്മൂദുല്ലയുടെ ഇന്നിങ്സ്. ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് ജോര്‍ഡാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.