You are Here : Home / News Plus

മാണിക്കെതിരായ പ്രതിപക്ഷസമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടെന്ന് യു.ഡി.എഫ്

Text Size  

Story Dated: Monday, March 09, 2015 05:24 hrs UTC

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ പ്രതിപക്ഷസമരത്തിന് മുന്നില്‍ ഒരുകാരണവശാലും മുട്ടുമടക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനം. മാണിതന്നെ 13ന് ബജറ്റ് അവതരിപ്പിക്കും. അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായി നേരിടണമെന്ന് യു.ഡി.എഫ് യോഗം നിര്‍ദേശിച്ചു. നിയമസഭക്കുള്ളിലെ തന്ത്രങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് കക്ഷിനേതാക്കളും ചേര്‍ന്ന് തീരുമാനിക്കണം. ബജറ്റ് അവതരണദിവസം മന്ത്രിമാര്‍ക്കും മറ്റ് സാമാജികര്‍ക്കും നിയമസഭയില്‍ എത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തരമന്ത്രിയെ ചുമതലപ്പെടുത്തി. ആര്‍. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് യോഗങ്ങളില്‍ വിളിക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. മുന്നാക്കസമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബാലകൃഷ്ണപിള്ളയുടെ രാജി സ്വീകരിക്കാനും ധാരണയായി. അടുത്തയോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും.
മാണിക്കെതിരെ ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് ബി.ജെ.പിയും സമരം നടത്തുന്നത് അവിശുദ്ധകൂട്ടുകെട്ടിന്‍െറ തുടക്കമാണെന്ന് യോഗം വിലയിരുത്തി. ഭൂരിപക്ഷമുള്ള സര്‍ക്കാറിനുവേണ്ടി അതിന്‍െറ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചേ മതിയാകൂ. അത് ഭരണഘടനാ ബാധ്യതയാണ്. അതിന് സമ്മതിക്കില്ലെന്നത് വെല്ലുവിളിയും ധിക്കാരപരമായി എന്തും ചെയ്യുമെന്ന ധാര്‍ഷ്ട്യവും ആണ്. ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞ് നടക്കുന്ന മൂന്ന് ദിവസത്തെ ചര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ എന്ത് ആരോപണവും ഉന്നയിക്കാനും പ്രതിപക്ഷത്തിന് അവസരം ലഭിക്കും. അതിനുപകരം ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ സമരംചെയ്യുമെന്ന ഭീഷണിയെ ജനങ്ങള്‍ ഒന്നടങ്കം അപലപിക്കും. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ ആരംഭിച്ചിരിക്കുന്ന ഈ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമരം നടത്തരുത്. ഡി.ജി.പിക്കെതിരായ പരാതിയുടെ പേരില്‍ പി.സി. ജോര്‍ജിനെതിരെ താന്‍ നടപടി ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫ് നേതാക്കള്‍ പരമാവധി പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.