You are Here : Home / News Plus

എന്‍. ശക്തന്‍ യു.ഡി.എഫിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി

Text Size  

Story Dated: Monday, March 09, 2015 05:33 hrs UTC

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ യു.ഡി.എഫിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഇതിന് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറ അനുമതി ലഭിച്ചതായും ഈ ആഴ്ചതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനാണ് തീരുമാനിച്ചത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിയെ തീരുമാനിച്ച് പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ ചേര്‍ന്ന മുന്നണിയോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
ശക്തനെ സ്പീക്കറാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജാണ് മാണിഗ്രൂപ്പിന് വേണ്ടി യോഗത്തില്‍ ആവശ്യപ്പെട്ടത്. മന്ത്രി കെ.എം. മാണിയും ഇതിനെ പിന്തുണച്ചു. ഇപ്പോള്‍ അതേപ്പറ്റി ചര്‍ച്ച വേണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി, നിലവില്‍ ഡെപ്യൂട്ടി സ്പീക്കറുണ്ടെന്നും ഒഴിവുവരുമ്പോള്‍ അക്കാര്യം ആലോചിക്കാമെന്നും വ്യക്തമാക്കി. അതേസമയം, മുന്നണിയോഗത്തില്‍ ആവശ്യം ഉന്നയിച്ചില്ലെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെപ്പറ്റി ചര്‍ച്ച വരുമ്പോള്‍ അവകാശവാദം ഉന്നയിക്കാന്‍ ആര്‍.എസ്.പിയും തയാറെടുക്കുന്നതായി സൂചനയുണ്ട്.
സ്പീക്കര്‍ പദവി കോണ്‍ഗ്രസിനുതന്നെ നല്‍കാന്‍ ധാരണയുണ്ടാക്കി വൈകീട്ട് ചേര്‍ന്ന യു.ഡി.എഫ് യോഗം പിരിഞ്ഞശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചിച്ചാണ് എന്‍. ശക്തനെ മത്സരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് ശക്തനെ ആ സ്ഥാനത്തേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. സ്പീക്കറുടെ അസാന്നിധ്യത്തില്‍ പതിമൂന്നാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയന്ത്രിച്ചത് ശക്തനായിരുന്നു. ഇക്കുറിയും സ്പീക്കറുടെ ചുമതല ശക്തന്‍ നിറവേറ്റുന്നതിനിടെയാണ് സ്പീക്കറുടെ ആകസ്മിക മരണം ഉണ്ടായത്.
1951 മേയ് അഞ്ചിന് വൈ. നല്ലതമ്പിയുടെയും വൈ. തങ്കമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്താണ് ശക്തന്‍ ജനിച്ചത്. ബിരുദാനന്തര ബിരുദത്തിനുശേഷം എല്‍എല്‍.ബി പൂര്‍ത്തിയാക്കി. 1982ല്‍ ആണ് അദ്ദേഹം ആദ്യമായി നിയമസഭയിലത്തെിയത്. തുടര്‍ന്ന് 2001ലും 2006ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2006 വരെ ഗതാഗതമന്ത്രിയായിരുന്ന ശക്തന്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ സംഘടനാരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.1987-93 കാലയളവില്‍ തിരുവനന്തപുരം ഡി.സി.സി ട്രഷററായും തുടര്‍ന്ന് ഏഴുവര്‍ഷം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാലുവര്‍ഷം ജില്ലാ കൗണ്‍സില്‍ പ്രതിനിധിയും ആയിരുന്നു. ഭാര്യ: സ്റ്റെല്ല. രണ്ടുമക്കളുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.