You are Here : Home / News Plus

യു.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ബാലകൃഷ്ണപിളള

Text Size  

Story Dated: Wednesday, March 11, 2015 04:18 hrs UTC

തിരുവനന്തപുരം: യു.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഐഷാ പോറ്റിക്ക് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് പിള്ള അറിയിച്ചത്. എല്‍.ഡിഎഫിന്‍റെ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതികമായി കേരള കോണ്‍ഗ്രസ്(ബി) പ്രതിപക്ഷത്താണെന്നും നീര്‍ക്കോലികള്‍ കടിച്ചാല്‍ അത്താഴം മുടങ്ങില്ലെന്നും പിള്ള പറഞ്ഞു.
എല്‍.ഡി.എഫിനെ പിന്തുണക്കണോ എന്ന് ആലോചിച്ച് തീരുമാനിക്കും. യു.ഡി.എഫ് അധികാരത്തിലേറി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ അഴിമതി സഹിക്കാന്‍ വയ്യാതായി. ധനസമ്പാദനത്തിനുള്ള പാര്‍ട്ടിയായി യു.ഡി.എഫ് മാറി. യു.ഡി.എഫിന്‍റെ യോഗങ്ങളില്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പിള്ള തുറന്നടിച്ചു. കൊല്ലത്ത് നടന്ന കേരള കോണ്‍ഗ്രസ് (ബി) യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി പിള്ള ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസ്(ബി) യു.ഡി.എഫിന് പുറത്താണെന്നും സാങ്കേതികമായി മാത്രമാണ് മുന്നണിയിലുള്ളതെന്നും കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പ്രതികരിച്ചു. മുന്നണിയില്‍ നിലനിര്‍ത്തുന്ന കാര്യം അടുത്ത യു.ഡി.എഫ് യോഗത്തില്‍ തീരുമാനിക്കും. നാളെയോ മറ്റെന്നാളോ ചേരുന്ന യു.ഡി.എഫ് യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
യു.ഡി.എഫില്‍ നിന്നു പുറത്താക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ട് യു.ഡി.എഫ് യോഗത്തിലേക്കും പിള്ളയെ ക്ഷണിച്ചിരുന്നില്ല. യുഡിഎഫില്‍ നിന്നു ലഭിച്ച മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിള്ള രാജി വെച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.