You are Here : Home / News Plus

സ്കോട്ട്ലന്‍ഡിനെതിരെ ലങ്കക്ക് 148 റണ്‍സ് ജയം

Text Size  

Story Dated: Wednesday, March 11, 2015 05:26 hrs UTC

ഹൊബാര്‍ട്ട്: കുമാര്‍ സംഗക്കാര പുതുചരിത്രം രചിച്ച മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെ 148 റണ്‍സ് ജയവുമായി ശ്രീലങ്ക ലോകകപ്പ് പൂള്‍ ഘട്ടത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ നാലാം സെഞ്ച്വറി എന്ന റെക്കോഡിലേക്ക് ബാറ്റേന്തിയ സംഗക്കാര ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന ബഹുമതിയും അടിച്ചെടുത്തു. ലോകകപ്പ് ചരിത്രത്തില്‍ ആകെ സെഞ്ച്വറി കണക്കില്‍ റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയാണ് സംഗ. അഞ്ച് സെഞ്ച്വറികള്‍ വീതമുള്ള ഇരുവര്‍ക്കും മുന്നില്‍ ആറെണ്ണവുമായി സചിന്‍ ടെണ്ടുല്‍കറാണുള്ളത്.
സംഗക്കാരക്കൊപ്പം (124) തിലകരത്നെ ദില്‍ഷനും (104) സെഞ്ച്വറിയിലേക്ക് മുന്നേറിയപ്പോള്‍ 363 എന്ന കൂറ്റന്‍ സ്കോര്‍ സ്കോട്ടിഷ് പടക്ക് മുന്നില്‍ ഉയര്‍ന്നു. ഇടക്ക് നടത്തിയ ചെറുത്തുനില്‍പ് ശ്രമം ഒഴികെ വിറച്ചുനിന്ന സ്കോട്ട്ലന്‍ഡ് ബാറ്റിങ് നിര ലങ്കന്‍ ബൗളിങ് വമ്പില്‍ 43.1 ഓവറില്‍ 215ല്‍ വീണു. കുലശേഖരയും ചമീരയും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഏഴ് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് കുലശേഖര ലങ്കന്‍ ജയം അനായാസമാക്കിയത്. ഒമ്പത് ഓവറില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗ 29 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. 95 പന്തില്‍ 13 ഫോറും നാലു സിക്സും പറത്തി 124 റണ്‍സ് നേടിയ പ്രകടനത്തിലൂടെ കളിയിലെ താരം പട്ടം സംഗക്കാര സ്വന്തമാക്കി. സ്കോര്‍: ശ്രീലങ്ക 50 ഓവറില്‍ ഒമ്പതിന് 363, സ്കോട്ട്ലന്‍ഡ് 43.1 ഓവറില്‍ 215ന് പുറത്ത്.
ടോസ് നേടി കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് തിരിമന്നെയെ (4) പെട്ടെന്ന് നഷ്ടമായി. എന്നാല്‍, ലക്ഷ്യം കൈവിടാതെ കൈകോര്‍ത്ത ദില്‍ഷനും സംഗക്കാരയും സ്കോട്ടിഷ് ബൗളിങ്ങിന്‍െറ ദൗര്‍ബല്യങ്ങള്‍ കണക്കിന് മുതലാക്കി. അധികം ആക്രമണസ്വഭാവം പുറത്തെടുക്കാതിരുന്ന ഇരുവരും 21ാം ഓവറിലാണ് ലങ്കന്‍ സ്കോര്‍ 100ല്‍ എത്തിച്ചത്. ക്രീസില്‍ ഉറച്ചതോടെ തുടര്‍ന്നങ്ങോട്ട് ദ്വീപുകാരുടെ ‘തനി സ്വഭാവം’ ബൗളര്‍മാര്‍ നന്നായറിഞ്ഞു. സിക്സുകളും ഫോറുകളും യഥേഷ്ടം പറത്താന്‍ തുടങ്ങിയ ഇരുവരും സ്വയം അര്‍ധശതകങ്ങളും കടന്ന്, 12 ഓവറുകള്‍ക്കപ്പുറം ലങ്കന്‍ സ്കോര്‍ 200ല്‍ എത്തിച്ചു. പിന്നാലെ കോട്സര്‍ എറിഞ്ഞ 34 ാം ഓവറില്‍ അടുത്തടുത്ത പന്തുകളിലായി ദില്‍ഷനും സംഗക്കാരയും സെഞ്ച്വറിയും തികച്ചു. തൊട്ടടുത്ത ഓവറില്‍ ബാറ്റിങ് പവര്‍പ്ളേയെടുത്ത ലങ്കക്ക് ഒരു ഫോറിന് പിന്നാലെ 99 പന്തില്‍ 104 റണ്‍സെടുത്ത ദില്‍ഷനെ നഷ്ടമായി. ഏറെ അടിവാങ്ങിയ ഡേവിയാണ് 195 റണ്‍സിന്‍െറ ‘ദില്‍-സംഗ’ കൂട്ടുകെട്ട് പൊളിച്ചത്. കൂട്ടുകാരന്‍ പോയതിന്‍െറ ക്ഷീണം അടുത്ത ഓവറില്‍ ഇവാന്‍സിനെ ശിക്ഷിച്ച് സംഗ തീര്‍ത്തു. സിക്സില്‍ തുടങ്ങി തുടര്‍ച്ചയായി നാലു ഫോറുകളുമായി 24 റണ്‍സ് ആ ഓവറില്‍ സംഗക്കാര വാരി. തൊട്ടടുത്ത ഓവറില്‍ ജയവര്‍ധനയെയും (2) സംഗക്കാരയെയും പുറത്താക്കി ഡേവി തിരിച്ചടിച്ചു. ഒപ്പം വിക്കറ്റ് വേട്ടയില്‍ 14 ഇരകളുമായി ഒന്നാംസ്ഥാനത്തേക്ക് കയറുകയും ചെയ്തു. 86 പന്തിലാണ് സംഗ മൂന്നക്കം കടന്നത്. 50 ല്‍ നിന്ന് 100 ലേക്കത്തൊന്‍ വേണ്ടിവന്നതാകട്ടെ 30 പന്തുകള്‍.
പിന്നാലെയത്തെിയ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് (51) സ്കോട്ട്ലന്‍ഡ് ബൗളിങ്ങിനെ സംഹരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. പെരേര തിരിച്ചുകയറിയിട്ടും കൂസാതെ ബാറ്റേന്തിയ മാത്യൂസിനെ 21 റണ്‍സില്‍ നില്‍ക്കെ നിലത്തിട്ടതിന് ലോകകപ്പിലെ വേഗത്തിലുള്ള രണ്ടാമത്തെ ഫിഫ്റ്റി സ്വന്തമാക്കിയാണ് ലങ്കന്‍ ക്യാപ്റ്റന്‍ ‘ പ്രത്യുപകാരം’ ചെയ്തത്. മക്കനെ തുടര്‍ച്ചയായ നാലു പന്തുകളില്‍ സിക്സിന് പറത്തി ഫിഫ്റ്റി തികച്ച് അടുത്ത പന്തില്‍ മാത്യൂസ് പുറത്തായി. 20 പന്തിലാണ് മാത്യൂസിന്‍െറ ഫിഫ്റ്റിയത്തെിയത്. വാലറ്റക്കാര്‍ തങ്ങളാല്‍ കഴിയും വിധം സഹായിച്ചതോടെ ലങ്കന്‍ സ്കോര്‍ 350 കടന്നുകയറി.
മറുപടി ബാറ്റിങ്ങില്‍ മലിംഗയും കുലശേഖരയും ദില്‍ഷനും ആഞ്ഞടിച്ചതോടെ മൂന്നിന് 44 എന്ന നിലയില്‍ സ്കോട്ട്ലന്‍ഡ് പതുങ്ങി. എന്നാല്‍, ക്യാപ്റ്റന്‍ പ്രെസ്റ്റന്‍ മോംസെണും (60) ഫ്രെഡി കോള്‍മാനും (70) ചേര്‍ന്ന് 98 റണ്‍സിന്‍െറ കൂട്ടുകെട്ടുയര്‍ത്തി ഇന്നിങ്സിനെ രക്ഷിക്കാനുള്ള ശ്രമം നടത്തി. എന്നാല്‍, 32ാം ഓവറില്‍ ഇരുവരും പുറത്തായതിന് പിന്നാലെ സ്കോട്ടിഷ് ഘോഷയാത്ര തുടങ്ങി. മൂന്നിന് 162 എന്ന നിലയില്‍നിന്ന് 53 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ഏഴുപേരും പുറത്തായതോടെ ദയനീയമായി  സ്കോട്ട്ലന്‍ഡ് കീഴടങ്ങി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.