You are Here : Home / News Plus

ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും,ജനങ്ങള്‍ പൊറുക്കണമെന്ന് കോടിയേരി

Text Size  

Story Dated: Thursday, March 12, 2015 05:18 hrs UTC

തിരുവനന്തപുരം: ബജറ്റ് അവതരിപ്പിക്കാന്‍ കെ.എം. മാണി നിയമസഭയില്‍ വന്നാല്‍ തങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും അത് ജനങ്ങള്‍ പൊറുക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കയര്‍ വര്‍ക്കേഴ്സ് സെന്‍റര്‍ (സി.ഐ.ടി.യു) സംഘടിപ്പിച്ച ബഹുജന മാര്‍ച്ചിന്‍െറ സമാപന സമ്മേളനത്തിലാണ് പ്രതിപക്ഷനീക്കത്തിന്‍െറ ഗൗരവം വെളിവാക്കി കോടിയേരിയുടെ മുന്നറിയിപ്പ്. 
സഭക്കകത്ത് പ്രതിപക്ഷത്തെ 65 എം.എല്‍.എമാരും ഒറ്റക്കെട്ടായി നിന്ന് മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യും. സഭക്ക് പുറത്ത് ജനങ്ങളും മാണിയെ തടയാന്‍ അണിനിരക്കണം. മാണി സഭയിലേക്ക് വരുന്നത് ആര് കണ്ടാലും അവിടത്തെന്നെ നടുറോഡില്‍ തടയണം. ധനമന്ത്രിയെ തടയാന്‍ ജനങ്ങള്‍ നിയമസഭാപരിസരത്തേക്ക് ഒഴുകുകയാണ്. ജനശക്തി എത്രത്തോളമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിനാലാണ് നാട്ടിലുള്ള പൊലീസുകാരെയെല്ലാം നിയമസഭക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്.
പുറത്തെ പൊലീസുകാര്‍ക്ക് സഭക്കകത്ത് കയറാനാവാത്തതിനാല്‍ പുതുതായി 500 പൊലീസുകാര്‍ക്ക് കൂടി വെള്ളക്കുപ്പായവും നല്‍കി വാച്ച് ആന്‍ഡ് വാര്‍ഡ് ആക്കി സഭക്കകത്തും വിന്യസിച്ചിരിക്കുന്നു. അതില്‍തന്നെ 100 പേരെ മാണിക്ക് വേണ്ടി മാത്രം നിയോഗിച്ചിരിക്കുകയാണ്. അവര്‍ക്കിടയില്‍ ഞെളിഞ്ഞിരുന്ന് ബജറ്റ് അവതരിപ്പിക്കാനാവുമെന്നാണ് മാണിയുടെ വിചാരം. മാണിയെയല്ലാതെ മറ്റാരെയും തടയില്ലെന്ന് വ്യക്തമാക്കിയിട്ടും പ്രതിപക്ഷത്തിന്‍െറ പ്രതിഷേധം ഭയന്ന് ഭരണപക്ഷത്തെ മറ്റ് എം.എല്‍.എമാരും മന്ത്രിമാരും കട്ടിലും കിടക്കയുമെടുത്ത് രാത്രിതന്നെ സഭക്കകത്ത് കയറിയിരിക്കുന്നു. ഭരണപക്ഷത്തെ എം.എല്‍.എമാരെപ്പോലും സഭക്കകത്ത് എത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഭരണപക്ഷത്ത് നിന്ന് ഒരാളെയെങ്കിലും അടര്‍ത്തിയെടുത്ത് കാണിക്കാന്‍ വെല്ലുവിളിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുന്നണിയില്‍ നിന്നുതന്നെ വ്യാഴാഴ്ച പ്രതിപക്ഷത്തിന് ഒരു വോട്ട് കൂടി ലഭിച്ചു. ഭരണമുന്നണിയിലെ അസംതൃപ്തരായ ഘടകകക്ഷികളും എം.എല്‍.എമാരും നിലപാട് പരസ്യമാക്കണം.
നാടുനീളെ നടന്ന് കളവ് നടത്തുന്ന മന്ത്രിമാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത് . എങ്ങനെ കളവ് നടത്താം എന്നത് മാത്രമാണ് മന്ത്രിമാരുടെ ചിന്ത. അറസ്റ്റിലായി ജയിലില്‍ കിടക്കേണ്ടയാളെക്കൊണ്ടു തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. കേസില്‍ പ്രതിയായ ജെയിംസ് മാത്യുവിനും ടി.വി. രാജേഷിനും ഒരു നിയമവും മാണിക്ക് മാത്രം മറ്റൊരു നിയമവുമെന്ന നിലപാട് ശരിയല്ല. നാല് വര്‍ഷം മുമ്പ് വിജിലന്‍സ് കേസുണ്ടെന്ന പേരില്‍ ആര്‍. ബാലകൃഷ്ണപിള്ളയെയും ടി.എം. ജേക്കബിനെയും മന്ത്രിസഭയില്‍ എടുക്കില്ലെന്ന് വാശിപിടിച്ച ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ആ നിലപാട് മാണിയുടെ കാര്യത്തില്‍ നടപ്പാക്കാത്തതെന്തെന്ന് വ്യക്തമാക്കണം. പരാതി കിട്ടിയതുകൊണ്ട് മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ അത് റദ്ദാക്കാന്‍ സര്‍ക്കാറും മാണിയും കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.