You are Here : Home / News Plus

മാണിയെ തടയാനുള്ള പ്രതിപക്ഷനീക്കത്തെ കെ.പി.സി.സി അപലപിച്ചു

Text Size  

Story Dated: Thursday, March 12, 2015 05:36 hrs UTC

തിരുവനന്തപുരം: ബജറ്റ് അവതരണത്തില്‍നിന്ന് ധനമന്ത്രി കെ.എം. മാണിയെ തടയാനുള്ള പ്രതിപക്ഷനീക്കത്തെ കെ.പി.സി.സിയുടെ സര്‍ക്കാര്‍ -പാര്‍ട്ടി ഏകോപനസമിതി യോഗം അപലപിച്ചു. പ്രതിപക്ഷനീക്കത്തെ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തരമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ജനം തെരഞ്ഞെടുത്ത സര്‍ക്കാറിന്‍െറ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് ബലപ്രയോഗത്തിലൂടെ തടയാനുള്ള പ്രതിപക്ഷനീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് യോഗം വിലയിരുത്തി.
ബജറ്റ് അവതരിപ്പിക്കുകയെന്നതിലൂടെ ഏതൊരു ധനമന്ത്രിയും സര്‍ക്കാറിന്‍െറ ഭരണഘടനാപരമായ ബാധ്യതയാണ് നിറവേറ്റുന്നത്. ബജറ്റ് പാസാക്കേണ്ടത് സര്‍ക്കാറിന്‍െറ ദൈനംദിന പ്രവര്‍ത്തനത്തിന് അനുപേക്ഷണീയമാണ്. ഇപ്പോഴത്തെ ജനാധിപത്യവിരുദ്ധമായ നടപടിയിലൂടെ തെറ്റായ ഒരു കീഴ്വഴക്കമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. പൊലീസിന്‍െറ നിര്‍ദേശം മാനിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ കേരളത്തിലെ ചില നേതാക്കളുടെ പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സമരത്തെ നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
പാര്‍ട്ടി പുന:സംഘടനയെപ്പറ്റി ആലോചിക്കാന്‍ 16ന് വീണ്ടും യോഗം ചേരാനും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ഏകോപനസമിതി യോഗം തീരുമാനിച്ചു. ജില്ലാതലം വരെയുള്ള പാര്‍ട്ടി പുന:സംഘടന സംബന്ധിച്ച് തീരുമാനിക്കുന്നതിനാണ് 16ന് പ്രധാനമായും യോഗം ചേരുന്നത്. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ അന്ന് വൈകീട്ട് മന്ത്രിമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും സംയുക്ത യോഗവും ചേരുന്നുണ്ട്. യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അധ്യക്ഷത വഹിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.