You are Here : Home / News Plus

സംഘര്‍ഷം പ്രതിപക്ഷത്തിന്‍റെ ബോധപൂര്‍വ്വമായ ശ്രമമെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, March 13, 2015 04:52 hrs UTC

 ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനായി പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലത്തെിയതിന് പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മിന്‍റെ പുതിയ സെക്രട്ടറിയുടെയും രണ്ട് പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെയുടെയും നേതൃത്വത്തില്‍ നടന്ന ആസൂത്രിതമായ സംഘര്‍ഷമാണ് സഭക്കകത്തും പുറത്തുമുണ്ടായത്. നിയമസഭാ ചരിത്രത്തില്‍ ഏറ്റവും വേദനാജനകമായ സംഭവമാണ് അരങ്ങറിയത്. ഇതില്‍ ഇടതുമുന്നണി സമാധാനം പറയണം. ഭരണഘടനാപരമായി സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രാജിവെക്കണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇടതുപക്ഷ എം.എല്‍.എ മാര്‍ക്ക് മാണിയെ തടയാമായിരുന്നു. എന്നാല്‍ സ്പീക്കറെ തടഞ്ഞ നടപടി ജനാധിപത്യപരമല്ല. സ്പീക്കറെ തടഞ്ഞതും പൊതുമുതല്‍ നശിപ്പിച്ചതും എന്തടിസ്ഥാനത്തിലാണ്. സഭക്കു പുറത്തെ സംഘര്‍ഷവും ആസൂത്രിതമാണ്. ബജറ്റ് അവതരണം യഥാവിധി നടക്കാന്‍ വിപുലമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബജറ്റ് അവതരിപ്പിക്കപ്പെട്ടതിലൂടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റി.
എട്ടുമണിയോടെയാണ് പ്രതിഷേധം പ്രകോപനപരാമയ രീതിയിലേക്ക് മാറിയത്. പൊലീസിനു നേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രകോപനമില്ലാതെ മദ്യക്കുപ്പികളും മാരക ആയുധങ്ങളും പൊലീസിനു നേരെ വലിച്ചെറിഞ്ഞു. പൊലീസ് തികഞ്ഞ സംയമനത്തോടെയാണ് സമാധാനം പരിപാലിച്ചത്. എട്ടോളം പൊലീസുകാര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. മദ്യക്കുപ്പി കൊണ്ടുള്ള ഏറില്‍ എ.സി.പി അജിതാ ബീഗത്തിന്‍റെ തലക്ക് പരിക്കേറ്റു. രണ്ട് പൊലീസ് വാഹനങ്ങള്‍ക്ക് തീവെച്ചു. ആരോഗ്യവകുപ്പിന്‍റെയും മറ്റു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. പ്രവര്‍ത്തകര്‍ നഗരത്തില്‍ അക്രമം അഴിച്ചുവിട്ടിരിക്കയാണ്. വെടിവെപ്പിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘര്‍ഷം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച് പ്രവര്‍ത്തകരെ നേരിടാന്‍ പൊലീസിനായി. നഗരത്തിലെ ജനങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തിയാല്‍ പൊലീസ് ശക്തമായി നേരിടും. ജനാധിപത്യത്തിന് ഭംഗം വരുത്തുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.