You are Here : Home / News Plus

അയര്‍ലന്‍ഡിനെതിരെ വിജയിച്ച് പാകിസ്താന്‍ ക്വാര്‍ട്ടറില്‍

Text Size  

Story Dated: Sunday, March 15, 2015 05:20 hrs UTC

 അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് പാകിസ്താന്‍ ലോകകപ്പ് ക്രിക്കറ്റിന്‍െറ ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ പൂള്‍ ബിയില്‍ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, വിന്‍ഡീസ് എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ ആസ്ട്രേലിയയാണ് പാകിസ്താന്‍െറ എതിരാളികള്‍. തോല്‍വിയോടെ അയര്‍ലന്‍ഡ് ലോകകപ്പില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ലൈനപ്പ്: ഇന്ത്യ^ബംഗ്ളാദേശ്, പാകിസ്താന്‍^ആസ്ട്രേലിയ, ശ്രീലങ്ക^ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്^വെസ്റ്റിന്‍ഡീസ്. ബംഗ്ളാദേശിനോട് ഇന്ത്യ ജയിച്ചാല്‍ പാകിസ്താന്‍^ആസ്ട്രേലിയ പോരാട്ടത്തിലെ വിജയികളെയായിരിക്കും നേരിടേണ്ടിവരിക.
അയര്‍ലന്‍ഡ് ഉയര്‍ത്തിയ 238  റണ്‍സ് വിജയലക്ഷ്യം 46.1 ഓവറില്‍ പാകിസ്താന്‍ മറികടന്നു. പാകിസ്താനുവേണ്ടി ഓപണര്‍ സര്‍ഫറാസ് അഹ്മദ് സെഞ്ച്വറി (124 പന്തില്‍ 101 റണ്‍സ്) നേടി പുറത്താവാതെ നിന്നു. നിര്‍ണായകമായ കളിയായതിനാല്‍ ഏറെ കരുതിയായിരുന്നു പാകിസ്താന്‍ കളിച്ചത്. സര്‍ഫറാസിനൊപ്പം ഓപണിങ്ങിനിറങ്ങിയ അഹ്മദ് ഷെഹ്സാദ് 71 പന്തില്‍ 63 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് 39 റണ്‍സെടുത്തു. ഹിറ്റ് വിക്കറ്റായാണ് മിസ്ബാഹ് പുറത്തായത്. 20 റണ്‍സെടുത്ത ഉമര്‍ അകമലായിരുന്നു കളി കഴിയുമ്പോള്‍ സര്‍ഫറാസിനൊപ്പം ക്രീസില്‍. അലക്സ് കുസാക്, തോംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
നേരത്തെ നിശ്ചിത 50 ഓവറില്‍ 237 റണ്‍സിന് അയര്‍ലന്‍ഡ് പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ വില്യം പോട്ടര്‍ഫീല്‍ഡ് നേടിയ സെഞ്ച്വറിയാണ് അയര്‍ലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത.് പോട്ടര്‍ഫീല്‍ഡ് 131 പന്തില്‍ 107 റണ്‍സെടുത്തു.
ടോസ് നേടിയ അയര്‍ലന്‍ഡ് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പോട്ടര്‍ഫീല്‍ഡ് ഒരു ഭാഗത്ത് പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുകയായിരുന്നു. 29 റണ്‍സെടുത്ത ജി.സി വില്‍സനാണ് ക്യാപ്റ്റനുശേഷം ഐറിഷ് നിരയിലെ മികച്ച സ്കോറര്‍. വേറെ ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് നേടാനായില്ല. സ്റ്റിര്‍ലിങ് 3  റണ്‍സെടുത്ത് പുറത്തായി. ജോയ്സ് (11), നിയല്‍ ഒബ്രിയന്‍ (12), ബല്‍ബിര്‍നി (18), വെടിക്കെട്ട് ബാറ്റ്സ്മാന്‍ കെവിന്‍ ഒബ്രിയന്‍ (8), തോംസണ്‍ (12), മൂണി (13), ഡോക്റെല്‍ (11) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. കുസാക് ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
പാകിസ്താന് വേണ്ടി വഹാബ് റിയാസ് മൂന്ന് വിക്കറ്റ് നേടി. റാഹത് അലി, സുഹൈല്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇഹ്സാന്‍ ആദിലും ഹാരിസ് സുഹൈലും ഓരോ വിക്കറ്റ് വീതം നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.