ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നേട്ടമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ യു.പി.എക്കെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. തന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വര്‍ഷത്തിനിടെ ഭരണനേട്ടമുണ്ടാക്കിയെന്നത് സര്‍ക്കാറിന്റെ പൊള്ളയായ വാദമാണ്. ബി.ജെ.പി സര്‍ക്കാറിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി യു.പി.എ നടപ്പിലാക്കിയ പദ്ധതികളുടെ കാര്‍ബണ്‍ കോപ്പിയാണ്. മോദി സര്‍ക്കാറിന് നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ഷികരംഗം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കയാണെന്നും മന്മോഹന് സിങ് ചൂണ്ടിക്കാട്ടി.
ടുജി സ്പെക്ട്രം ഇടപാടില്‍ വഴിവിട്ടു പ്രവര്‍ത്തിക്കാന്‍ മന്മോഹന് സിങ് പ്രേരിപ്പിച്ചെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) മുന്‍ ചെയര്മാന് പ്രദീപ് ബൈജലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments