You are Here : Home / News Plus

യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പാക്കരുതെന്ന് സി.പി.എം

Text Size  

Story Dated: Wednesday, July 22, 2015 04:23 hrs UTC

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പാക്കരുതെന്ന് സി.പി.എം. മേമന്‍െറ ദയാഹരജി പരിഗണിക്കണമെന്നും പാര്‍ട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഹീനമായ ഭീകരാക്രമണമാണ് 1993ല്‍ നടന്നത്. എന്നാല്‍ യാക്കൂബ് മേമന്‍െറ മാത്രം വധശിക്ഷ നീതിയുടെ താത്പര്യം സംരക്ഷിക്കില്ല. മേമന്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കീഴടങ്ങാനും വിചാരണ നേരിടാനും മേമന്‍ തയാറായി. ചോദ്യം ചെയ്യലില്‍ പാകിസ്താനില്‍ നിന്നുള്ളവര്‍ക്ക് സംഭവത്തിലുള്ള പങ്ക് മേമന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ടവര്‍ക്ക് പാകിസ്താന്‍ അഭയം നല്‍കിയതായും മേമന്‍ വെളിപ്പെടുത്തി. എന്നിട്ടും കേസില്‍ ഉള്‍പ്പെട്ട വന്‍ തോക്കുകള്‍ക്കിടയില്‍ നിന്ന് യാക്കൂബിനെ വധശിക്ഷ വിധിക്കയാണ് ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു.
ശിക്ഷ ജീവപര്യന്തമാക്കി കുറക്കണം. കേസില്‍ നിയമത്തിന്‍െറ കൈയിലുള്ള ഏക പ്രതിയാണ് മേമന്‍. രാജീവ് ഗാന്ധി കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവരുടെ ശിക്ഷ പോലും ലഘൂകരിച്ചിരുന്നു. വധശിക്ഷ പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് പാര്‍ട്ടി വാദിക്കുന്നതെന്നും സി.പി.എം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.