You are Here : Home / News Plus

ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്

Text Size  

Story Dated: Thursday, July 23, 2015 05:34 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്. തിരുവനന്തപുരം പള്ളിച്ചലില്‍ മന്ത്രി കെ.എം മാണിക്കെതിരായ സി.പി.എം പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള ചെരുപ്പേറില്‍ കലാശിച്ചത്. പള്ളിച്ചലിലെ പൊതുപരിപാടിയുടെ ഭാഗമായി സ്പീക്കര്‍ എന്‍. ശക്തനും മന്ത്രി എം.കെ മുനീറിനുമൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയെ വഹിച്ചു കൊണ്ടുള്ള തുറന്ന വാഹനം കടന്നു പോകുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഈ സമയത്താണ് പ്രതിഷേധക്കാര്‍ ചെരുപ്പും കമ്പും കരിങ്കൊടിയും വലിച്ചെറിഞ്ഞത്. മുഖ്യമന്ത്രിയുടെ ദേഹത്ത് പതിക്കാതെ ചെരുപ്പ് വാഹനത്തില്‍ തട്ടി തെറിച്ചു പോയി. ചെരുപ്പേറിനെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
മന്ത്രി മാണി പരിപാടിയില്‍ പങ്കെടുക്കുമെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍, മാണി പങ്കെടുത്തില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് ഇന്‍റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാന്‍ ഇന്‍റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ചെരിപ്പ് മുഖ്യമന്ത്രിയുടെ ദേഹത്ത് പതിച്ചില്ലെങ്കിലും ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് പൊലീസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.