You are Here : Home / News Plus

വ്യവസായിക്കും കൂട്ടുനിന്ന സ്ത്രീയ്ക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തണം

Text Size  

Story Dated: Sunday, May 13, 2018 08:48 hrs UTC

എടപ്പാളിലെ സിനിമ തീയറ്ററില്‍ അമ്മയുടെ ഒത്താശയോടെ പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം നാടിനെ നടുക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കേരളത്തിന് അപമാനകരമായ ഈ ക്രൂരസംഭവത്തിലെ കുറ്റവാളിയായ വ്യവസായിക്കും കൂട്ടുനിന്ന സ്ത്രീയ്ക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. പരാതി കിട്ടിയിട്ടും ദിവസങ്ങളോളം അനങ്ങാപ്പാറ നയം സ്വീകരിച്ച ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ കുറ്റവാളികളാണ്.

ഒരു സബ് ഇന്‍സ്പെക്ടറുടെ പേരിലുള്ള നടപടി മാത്രം പോരാ. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിലൂടെ അതിഗുരുതരമായ കൃത്യവിലോപം നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും കര്‍ശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണം. അവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണെമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുധീരന്‍റെ പ്രതികരണം.

മാതൃദിനമായ ഇന്ന് അമ്മമാര്‍ വ്യാപകമായി ആദരിക്കപ്പെടുകയാണ്. എന്നാല്‍ ഈ കുറ്റകൃത്യത്തിലെ സ്ത്രീ അമ്മ എന്ന ദിവ്യമായ പദത്തിന് തീരാകളങ്കമാണ് വരുത്തിവച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ യഥാസമയം ഉചിതമായി ഇടപ്പെട്ട തിയേറ്റര്‍ ഉടമസ്ഥരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു.

ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കരുക്കള്‍ നീക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. തങ്ങളുടെ വീഴ്ചകള്‍ പുറത്തുകൊണ്ടുവരുന്നവരെ ക്രൂശിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശൈലി പോലീസിന് കൂടുതല്‍ നാണക്കേട് ഉണ്ടാക്കുകയേയുള്ളൂ. നമ്മുടെ പോലീസ് സംവിധാനത്തിന് എന്തുപറ്റി എന്ന ചോദ്യം നാടാകെ ഉയര്‍ന്നിരിക്കുകയാണ്. പേരിനെന്തെങ്കിലും കാട്ടിക്കൂട്ടിയത് കൊണ്ട് ഇതൊന്നും നേരെയാക്കാനാകില്ല. ഇപ്പോഴത്തെ ഭരണനേതൃത്വത്തിന്റെ മനോഭാവത്തിനും പ്രവര്‍ത്തനരീതിക്കും അടിമുടി മാറ്റം വന്നില്ലെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ നാട് കുട്ടിച്ചോറാകും-സംശയമില്ല, സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.