രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. പൊലീസ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്നും പകരം വാര്‍ത്താകുറിപ്പുകള്‍ ഇറക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തു.കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പി.യു.സി.എല്‍(പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഗോപാല്‍ ശങ്കരനാരായണനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.
പൊലീസിലെ തെരഞ്ഞെടുക്കപ്പെട്ട വക്താക്കള്‍ മാത്രമേ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടുള്ളൂ. അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ അതത് ഘട്ടങ്ങളില്‍ മാത്രം പുറത്ത് വിടണം. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ അനാവശ്യമായി വെളിപ്പെടുത്താന്‍ പാടില്ല. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തരുത് തുടങ്ങിയവയാണ് അമിക്കസ് ക്യൂറിയുടെ ശുപാര്‍ശകള്‍.
Comments