ബാംഗ്ലൂരില്‍ നിശ്ചിത വിഭാഗങ്ങളിലെ ജോലികള്‍ കന്നടക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ഇടത്തരം ജോലികളില്‍ 70 ശതമാനം കന്നടക്കാര്ക്കായി സംവരണം ചെയ്യാനുള്ള നയത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഗ്രൂപ്പ് ഡി വിഭാഗത്തില്‍ 100 ശതമാനമാണ് സംവരണം. അതായത് നഗരത്തില്‍ ഡ്രൈവര്‍മാരും, ക്ലീനര്‍മാരുമായി ജോലി ഇനി കന്നടക്കാര്‍ക്ക് മാത്രമായിരിക്കും. അഡ്മിനിസ്ട്രേറ്റീവ്, എക്സിക്യുട്ടീവ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലെ ജോലിക്കാരില്‍ 70 ശതമാനവും കന്നടക്കാര്ക്കായി നീക്കിവെക്കാനാണ് നയം നിര്‍ദേശിക്കുന്നത്. ഐ.ടി, ബയോടെക് മേഖലകളിലായി ബാംഗ്ലൂരില്‍ ലക്ഷക്കണക്കിന് ആളുകളാണ് തൊഴിലെടുക്കുന്നത്. നഗരത്തിലെ മനുഷ്യവിഭവശേഷിയുടെ ഗണ്യമായ ഭാഗവും അന്യസംസ്ഥാനക്കാരാണ്. വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ ജോലികളിലാണ് കേരളം ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര് ജോലിചെയ്യുന്നത്. ഈ വിഭാഗങ്ങളില്‍ സംവരണം ബാധകമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ ഈ ജോലികളിലേക്കും സംവരണം വ്യാപിപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Comments